ഇടുക്കി : കട്ടപ്പന ഗവൺമെന്റ് കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 5.74 കോടി രൂപ കൂടി അനുവദിച്ചു ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. കോളേജ് ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് 4 കോടി, ലേഡീസ് ഹോസ്റ്റൽ സൗകര്യം വർദ്ധിപ്പിക്കുന്നതിന് 1 കോടി, കോളേജ് കോമ്പൗണ്ട് ചുറ്റുമതിൽ നിർമ്മിച്ച് സുരക്ഷിതമാക്കുന്നതിനു 54 ലക്ഷം, ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നതിന് 20 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. 1977-ൽ പ്രവർത്തനം ആരംഭിച്ച കോളേജിന് നാഷണൽ അസ്സസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ (ചഅഅഇ)ന്റെ എ ഗ്രേഡ് അംഗീകാരം ലഭിച്ചിട്ടുണ്ട്. കൗൺസിൽ ചൂണ്ടിക്കാണിച്ച പോരായ്മകൾ എല്ലാം തന്നെ പരിഹരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. മലയോര മേഖലയിലെ മികച്ച കോളേജ് ആയി മാറിയതോടെ ഡിഗ്രി, പി.ജി കോഴ്സുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ബി.എ, ബി.എസ്.സി, ബികോം ബിരുദ കോഴ്സുകളും എം.എ, എംകോം ബിരുദാനന്തര ബിരുദ കോഴ്സുകളും ആണ് നിലവിലുള്ളത്. കൂടുതൽ കോഴ്സുകൾ അനുവദിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും കോളേജിന് ആധുനിക സൗകര്യങ്ങളുള്ള സയൻസ് ബ്ലോക്ക് നിർമ്മിക്കുന്നതിനും ഉടൻ തുക ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.