മുട്ടം: ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുട്ടം ഗ്രാമപഞ്ചായത്തിന്റെ പൂര്‍ണ്ണ നടത്തിപ്പ് ചുമതലയിലാണ് പ്രവര്‍ത്തിക്കുക. 200 രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സംവീധാനങ്ങളാണ് നിലവില്‍ ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. ആകെ 240 ബെഡ് സജ്ജീകരിക്കുന്നതിനുള്ള സൗകര്യം ഇവിടുണ്ടെങ്കിലും രോഗികള്‍ക്കായി 200 ബെഡുകളും ബാക്കി ജീവനക്കാര്‍ക്കുമായാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ മുഴുവന്‍ ബെഡും രോഗികള്‍ക്ക് മാത്രമായി ഉപയോഗിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍അടക്കം25 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.നാല് മണിക്കൂര്‍ വീതമുള്ള ആറ് ഷിഫ്റ്റുകളായാണ് ജോലിയുടെ ക്രമീകരണം. ഒരു സമയം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വോളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ ഡ്യൂട്ടിയിലുണ്ടാവും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. തൊടുപുഴ താലൂക്കിലെ രണ്ടാമത്തെയും ജില്ലയിലെ ഏഴാമത്തെയും സി.എഫ്.എല്‍.റ്റി.സി. യാണ് മുട്ടത്തേത്. മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ സി.എഫ്.എല്‍.റ്റി.സിയുടെ പ്രവര്‍ത്തന ഉത്ഘാടനം നിര്‍വ്വഹിച്ചു. നോഡല്‍ ഓഫീസർ ഡോ.പി.എന്‍. അജി. , തൊടുപുഴ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ..സി. ചാക്കോ, പുറപ്പുഴ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ ശ്രീധര്‍,മുട്ടം സി.എഫ്.എല്‍.റ്റി.സി.യുടെ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. രജിത്ത്. കെ. ആര്‍,മുട്ടം എസ്. ഐ പി.കെ. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.