തൊടുപുഴ: ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ - മുട്ടം സംസ്ഥാന പാത അപകടരഹിതവും മാലിന്യമുക്തവുമാക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ ലയൺസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം പിള്ള നേതൃത്വം നൽകിയ യോഗത്തിൽ മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യുഡി, തൊടുപുഴ തഹസിൽദാർ, കെഎസ്ഇബി, ഫയർ ആൻഡ് റെസ്ക്യൂ, തൊടുപുഴ മുനിസിപ്പാലിറ്റി, ആരോഗ്യവകുപ്പ്, ട്രാഫിക് എൻഫോഴ്സ്മെന്റ്, ഹരിത കേരളം, മലങ്കര എസ്റ്റേറ്റ്, ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ഐഎംഎ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, വർക്ക് ഷോപ്പ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപനസമിതി, മർച്ചന്റ് യൂത്ത് വിംഗ് , പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ, റസിഡൻസ് അസോസിയേഷൻ, തൊടുപുഴ ബാർ അസോസിയേഷൻ തുടങ്ങി വിവിധ വകുപ്പുകളും സാമൂഹ്യ-സാംസ്കാരിക ക്ലബ്ബുകളും പങ്കെടുത്തു. തൊടുപുഴ-മുട്ടം സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ നിത്യസംഭവമായിരിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ അശാസ്ത്രീയമായ നിർമാണം, സുരക്ഷാസംവിധാനങ്ങ ളുടെയും മുന്നറിയിപ്പ് ബോർഡുകളും അഭാവം, റോഡരികിലെ ചെടികൾ, ചാഞ്ഞു നിൽക്കുന്ന മരങ്ങളുടെ ശാഖകൾ, വൈദ്യുതി തൂണുകൾ, വാട്ടർ പൈപ്പ് ലൈൻ തുടങ്ങിയവ മൂലമുള്ള തടസ്സങ്ങൾ, ഇതെല്ലാം അപകടത്തിന് ആക്കം കൂട്ടുന്നു. ഇതു കൂടാതെ തൊടുപുഴ-മുട്ടം റോഡിന്റെ വശങ്ങളിൽ, തൊടുപുഴ ആറിനോട് ചേർന്ന്, ധാരാളമായി മാലിന്യങ്ങൾ നിക്ഷേപിക്കുകയും അതുവഴി വഴി പരിസരവും തൊടുപുഴയാറ് തന്നെയും മലിനമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പരിഹാരമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ച് വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണ്. ഒക്ടോബർ രണ്ടിന് മ്രാല, ഗാന്ധി പ്രതിമയ്ക്കു മുൻപിൽ നിന്നും തൊടുപുഴ-മുട്ടം സംസ്ഥാന പാതയുടെ ഇരു ഭാഗത്തേക്കും ജനകീയ പങ്കാളിത്തത്തോടെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. റോഡിന്റെ വശങ്ങളിൽ ചെടികൾ നട്ട് റോഡിനെ സൗന്ദര്യവൽക്കരിക്കും.