അപകടം ഉണ്ടായത് പെട്ടിമുടിയിൽ നിന്നും എത്തിയ കുടുംബത്തിന്
മറയൂർ: പെട്ടിമുടിയിലെ ദുരന്ത മുഖത്ത് നിന്നൂം മറയൂരിൽ അഭയംതേടിയ ഉദയകുമാറും കുടുംബവും വീണ്ടും മറ്റൊരു ദുരന്തത്തിന്റെ വക്കിലെത്തിയപ്പോൾ തുണയായത് മറയൂർ ജനമൈത്രി പൊലീസ്. വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലണ്ടറിന് തീപടർന്ന് ആളിക്കൊണ്ടിരുന്നപ്പൊൾ സഹായംതേടിയത് മറയൂർ പൊലീസിൽ. നിമിഷങ്ങൾക്കകം ഓടിയെത്തി തീ അണച്ചു.
പെട്ടിമുടി ദുരന്തത്തിൽ മണ്ണിനടിയിലായ ലയങ്ങളുടെ സമീപത്താണ് ഉദയകുമാറും ഇടമലക്കൂടി അംഗനവാടി ജീവനക്കാരിയായ ശശികല മക്കളായ വിഷ്ണു, അഭിനന്ദ്, അശ്വിൻ, എന്നിവരടങ്ങുന്ന കുടുംബം താമസിച്ചിരുന്നത് . ഉരുൾപൊട്ടൽ ഉണ്ടായതിന്റെ അടുത്ത ദിവസം കനത്ത മഴ തുടർന്ന സാഹചര്യത്തിൽ പെട്ടിമുടിയിൽ നിന്നും ഇവരുടെ കുടുബം നയമക്കാട് എസ്റ്റേറ്റിൽ എത്തി മൂന്ന് ദിവസം താമസിച്ചു.
പിന്നീട് മറയൂർ പൊലീസ്‌സ്റ്റേഷന്റെ സമീപത്തുള്ള വാടക വീട്ടിൽ താമസമായി. ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും കരകയറി വരുന്നതിനിടെയാണ് മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നത്
രാവിലെ ഏഴരയോടു കൂടി റെഗുലേറ്ററിലേക്ക് തീപടർന്നതും ആളിക്കത്താൻ തുടങ്ങിയതും അഞ്ചുവയസ്സുകാരൻ ഉൾപ്പെടയുള്ള കൂട്ടികൾ ഉറക്കത്തിലുമായിരുന്നു.
ഉടൻ തന്നെ ഉദയകുമാർ സമീപത്തുള്ള പൊലീസ്‌സ്റ്റേഷനിൽ വിവരം അറിയിച്ചു .വീട്ടിൽ ഉണ്ടായിരുന്ന കമ്പിളി വെള്ളത്തിൽ മുക്കിയെടുത്ത് റെഗുലേറ്ററിൽ ചുറ്റി തീ അണച്ചതോടെയാണ് വീട്ടുകാരൂം സമീപ വാസികളും ആശ്വാസത്തിലായത്. എ എസ് ഐ മാരായ സജി എംജോസഫ്, ഷിജി കെപോൾ,ബെന്നി കെ പി എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്