തൊടുപുഴ: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് യാതൊരു മാനദണ്ഡവുമില്ലാതെ വരുന്നവർ കൊവിഡ് പ്രതിരോധം താളംതെറ്റിക്കുമെന്ന ആരോഗ്യവകുപ്പിന്റെ ആശങ്ക യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മുപ്പതിലേറെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൗണിൽ ഇളവു വന്നതോടെ അതിർത്തി ചെക്പോസ്റ്റുകൾ വഴി കടന്നു വന്ന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. ഇത്തരത്തിൽ എത്തുന്നവർ തൊഴിൽ തേടി വിവിധ മേഖലകളിൽ പോകുന്നതും മറ്റും നിയന്ത്രിക്കാൻ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിർമാണ , തോട്ടം , ഹോട്ടൽ മേഖലകളിലും മറ്റുമായി 14,​000 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് ജില്ലയിൽ ജോലി ചെയ്തു വന്നിരുന്നത്. ഇതിൽ പകുതിയോളം തൊഴിലാളികൾ ലോക്ക് ഡൗണിനെ തുടർന്ന് തിരികെ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. നിർമാണ മേഖലയിലും ഹോട്ടലുകളിലും ജോലിയെടുത്തിരുന്ന തൊഴിലാളികളാണ് മടങ്ങിയവരിലേറെയും. തോട്ടങ്ങളിലും മറ്റും താമസിച്ചു ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ നല്ലൊരു പങ്കും തിരികെ പോകാൻ കൂട്ടാക്കാതെ തൊഴിലിടങ്ങളിൽ കഴിയുകയായിരുന്നു.

അയ്യപ്പൻകോവിൽ, തൊടുപുഴ, വാഴത്തോപ്പ് എന്നിവിടങ്ങളിൽ നിന്ന് 31 ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. വ്യക്തമായ കണക്കില്ലാത്തതിനാൽ ഇവരുടെ സമ്പർക്ക പട്ടികയടക്കം കണ്ടെത്തുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രതിസന്ധി നേരിടുകയാണ്. വിവിധ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമായി.

കണക്കിൽ 153,​ പക്ഷേ...
ജില്ലാ ലേബർ ഓഫീസിലെ കണക്ക് പ്രകാരം ലോക്ക് ഡൗണിന്റെ ആനുകൂല്യം ഉപയോഗിച്ച് തിരികെ വന്ന തൊഴിലാളികൾ 153 പേർ മാത്രമാണ്. എന്നാൽ തിരികെ എത്തിയവർ ഇതിനും മേലെയാകാമെന്നാണ് ആരോഗ്യ വകുപ്പ് അധി കൃതർ നൽകുന്ന വിവരം. അതിർത്തി വഴി ഒറ്റയ്ക്കും കൂട്ടായും അന്യ സംസ്ഥാന തൊഴിലാളികൾ വീണ്ടും വന്നതായാണ് സൂചന.