ചെറുതോണി:കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഇതേ സമയത്തുണ്ടായിരുന്നിനേക്കാൾ പത്തടി വർദ്ധനവാണ് ഉണ്ടായത്.നിലവിൽ അണകെട്ടിലെ ജലനിരപ്പ് 2384.42 അടിയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ ദിവസം 2374.4 അടിയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പദ്ധതിപ്രദേശത്ത് ശക്തമായ മഴയും കാറ്റും ആണ് അനുഭവപ്പെടുന്നത്. ഇന്നലെ മഴയ അൽപ്പം ശമിച്ചെങ്കിലും നീരൊഴുക്കു ശക്തമായതിനാൽ ജലനരിപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. സംഭരണശേഷിയുടെ 78.75 ശതമാനം വെള്ളം നിലവിലുണ്ട്. ജലനിരപ്പ് 2387 അടിയായാൽ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പായ യെല്ലോ അലേർട്ട് പുറപ്പെടുവിക്കും. 2393 അടിയായാൽ ഓറഞ്ച് അലർട്ടും 2394ന് റെഡ് അലർട്ടും പ്രഖ്യാപിക്കും. 2395 അടിയായി ഉയർന്നാൽ അണക്കെട്ട് തുറന്നു വിടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി അണക്കെട്ടിന് താഴെ പെരിയാറിനു സമീപം ഇരുകരകളിലും താമസിക്കുന്നവർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്നലെ ഇടുക്കിയിൽ 78.2 മില്ലീമീറ്റർ മഴപെയ്തു.