road

മുട്ടം: മരം ഒരു വരമാണ് പക്ഷെ അപകടാവസ്ഥയിലായാൽ വെട്ടിമാറ്റുക തന്നെ ഉചിതം. എന്നാൽ ഇവിടെ റോഡരുകിൽ നിൽക്കുന്ന വലിയ വാകമരം ചുവടോടെ കടപുഴകി മറിഞ്ഞോ ശിഖരങ്ങൾ ഒടിയുകയോ ചെയ്ത് ചുറ്റിലുമുള്ള വീടുകൾക്കോ ആളുകൾക്കോ അപകടങ്ങൾ സംഭവിച്ചാലും തങ്ങളെ ബാധിക്കുന്നില്ല എന്ന നിലപാടാണ് അധികൃതർക്ക്. മുട്ടം - ചെള്ളാവയൽ റൂട്ടിൽ തോട്ടുങ്കര പാലത്തിന് സമീപത്തുള്ള വലിയ വാകമരം ഏറെ നാളായി അപകടഭീഷണിയാവുകയാണ്. ചെറിയ കാറ്റടിച്ചാൽ പോലും ഒടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വലുപ്പമുള്ള ശിഖരങ്ങൾ സമീപ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇവിടെയുള്ള ജനത്തിനും ഏറെ ഭീഷണിയാണ്. വർഷങ്ങൾ പഴക്കമുള്ള വൻ മരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി റോഡിന്റെ സംരക്ഷണ ഭിത്തി ഇടിയുന്നുമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഭിത്തി ഇടിച്ചിൽ കൂടുതലായിട്ടുമുണ്ട്. ഈ അവസ്ഥ തുടർന്നാൽ വൻ അപകടത്തിന് സാദ്ധ്യതയിണ്ട്. പരപ്പാൻ തോടിന്റെ അരികിലായിട്ടുള്ള വൻ മരത്തിന്റെ വലിയ ശിഖരങ്ങൾ തോടിന്റെ മറുകരയിലുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയാണ്. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി മരത്തിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മിക്ക സമയവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ ആളുകളുമുണ്ടാകും. തൊടുപുഴ, പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലേക്ക് ബസുകൾ ഉൾപ്പെടെ നിത്യവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയോരത്താണ് അപകടാവസ്ഥയിലായ മരം എന്നതും പ്രശനമാവുകയാണ്.

ശിഖരം ഉണങ്ങി

വിസ്തൃതിയിൽ പടർന്ന് പന്തലിച്ച മരത്തിന്റെ ശിഖരങ്ങൾ മിക്കതും ഉണങ്ങി ദ്രവിച്ചതുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണിരുന്നു. അപകടാവസ്ഥയിലുള്ള മരം മുറിച്ച് മാറ്റണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടികൾ ചുവപ്പ് നാടയിൽ കുരുങ്ങി.