തൊടുപുഴ: മുണ്ടേക്കല്ലിൽ എം.വി.ഐ.പി വക സ്ഥലത്ത് പുതിയ സിവിൽ സ്റ്റേഷൻ അനക്‌സ് നിർമ്മാണത്തിന് ടെണ്ടർ വിളിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ടെണ്ടർ തിയതി ഒക്‌ടോബർ ആറ് വരെയാണ്. ഒമ്പതിന് ടെണ്ടർ തുറക്കും. 23 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് 2016ലാണ് ഭരണാനുമതി ലഭിച്ചത്. മുണ്ടേക്കല്ലിലെ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ഒന്നര ഏക്കർ സ്ഥലത്ത് സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ ജലവിഭവ വകുപ്പ് നിരാക്ഷേപ പത്രം നേരത്തേ നൽകിയിരുന്നു. നടുമുറ്റത്തോടുകൂടി ഒമ്പത് നിലകളിലായി നിർമ്മിക്കുന്ന

തൊടുപുഴ ടൗണിൽ വിവിധ സ്വകാര്യ വാടക കെട്ടിടങ്ങളിൽ ഇനിയും പ്രവർത്തിക്കുന്ന 37 സർക്കാർ ആഫീസുകൾ പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ പുതിയ സിവിൽ സ്റ്റേഷനിൽ ഉണ്ടാകും. ഈ ഓഫീസുകൾ മുണ്ടേക്കല്ലിലേയ്ക്ക് മാറ്റും. ഇതിനു പുറമേ ഒരു കോൺഫറൻസ് ഹാളും ഉണ്ട്. കെട്ടിട നിർമ്മാണ കാലാവധി മൂന്നു വർഷമാണ്. നിർമ്മാണം നടത്തുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള തുകയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിനുള്ള മണ്ണ് പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ സിവിൽ ജോലികൾക്ക് 16 കോടി രൂപയാണ് എസ്റ്റിമേറ്റ്. എം.വി.ഐ.പിയുടെ 44 സെന്റ് സ്ഥലത്ത് മുമ്പ് പൊതുസ്മശാനം നിർമ്മിച്ചിരുന്നു. മുണ്ടേക്കല്ല് പ്രദേശത്തെ റസിഡന്റ് അസോസിയേഷനുകൾ നഗര വികസനത്തിനുതകുന്ന എന്തെങ്കിലും പദ്ധതികൾ കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നിവേദനം നൽകിയിരുന്നു. തൊടുപുഴ പട്ടണത്തിന്റെ വ്യാപ്തി വീണ്ടും വർദ്ധിപ്പിക്കുന്നതും തൊടുപുഴയുടെ സമഗ്രവികസനം ഉറപ്പാക്കുന്നതുമാണ് പുതിയ സിവിൽ സ്റ്റേഷനെന്ന് പി.ജെ. ജോസഫ് അറിയിച്ചു. ടെണ്ടർ പൂർത്തിയാക്കിയാലുടൻ കെട്ടിട നിർമ്മാണം ആരംഭിക്കുമെന്നും സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൾട്ടി ലവൽ പാർക്കിംഗ്

സൗകര്യത്തോടെ

കെട്ടിടത്തിന് 65,​000 സ്‌ക്വയർ അടി വിസ്തീർണ്ണം ഉണ്ടാകും. വാഹന പാർക്കിംഗിനായി ബെയ്‌സ്‌മെന്റ് ഫ്ളോറും പൊതുജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മൾട്ടി ലവൽ പാർക്കിംഗ് സൗകര്യവും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ലിഫ്‌റ്റ് സൗകര്യങ്ങൾ, ഫയർ ഉപകരണങ്ങൾ, മാലിന്യ സംസ്‌കരണ സൗകര്യങ്ങൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കുടിവെള്ള സൗകര്യം, മഴവെള്ള സംഭരണ പദ്ധതി ഉപകരണങ്ങൾ തുടങ്ങിയവയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഉള്ളിൽ ആധുനികമായ ഫർണിഷിംഗ് നടത്തി സൗകര്യങ്ങൾ ഉണ്ടാകും.