തൊടുപുഴ ജില്ലാ ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമം
തൊടുപുഴ: പാവപ്പെട്ട രോഗികളുടെ ചികിത്സ പ്രതിസന്ധിയിലാക്കി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഫാർമസി കാലിയായി. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾക്ക്ആശുപത്രിയിൽ കടുത്ത കടുത്ത ക്ഷാമമാണ് നേരിടുന്നത്. കീമോതെറാപ്പിയടക്കം ചെയ്യുന്ന രോഗികൾക്കുള്ള വിലയേറിയ മരുന്നുകളാണ് സ്റ്റോക്കില്ലാത്തത്. പാവപ്പെട്ട കാൻസർ രോഗികൾ അമിത വില കൊടുത്ത് പുറത്ത് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയാണ.ുള്ളത്. ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ ആർ.സി.സിയിലടക്കം പോയി ചികിത്സിച്ചിരുന്ന കാൻസർ രോഗികൾ ജില്ലാ ആശുപത്രിയിൽ നിന്നാണ് മരുന്ന് വാങ്ങിയിരുന്നത്. ഇതാണ് മരുന്ന് പെട്ടെന്ന് തീരാൻ കാരണം.
കഴിഞ്ഞ ദിവസം കിമോ ചെയ്യാനായി ആശുപത്രിയിൽ എത്തിയ വീട്ടമ്മയ്ക്ക് മരുന്നുകൾ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇതിനെ ചോദ്യം ചെയ്തിരുന്നു. സ്വകാര്യ ആശുപത്രിയിലെ കാൻസർ ചികിൽസക്ക് ശേഷം കീമോ ചെയ്യാനായി ആശുപത്രിയിൽ എത്തിയിരുന്ന വീട്ടമ്മയ്ക്ക് നേരത്തെ ആശുപത്രിയിൽ നിന്ന് മരുന്നുകൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കീമോ ചികിത്സയ്ക്ക് ശേഷം ഒരു മരുന്നു പോലും ആശുപത്രി ഫാർമസിയിൽ നിന്നും ലഭിച്ചില്ലെന്നാണ് പരാതി. പുറമെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നുകൾ വാങ്ങാനാണ് ഫാർമസിയിൽ നിന്നുള്ള നിർദേശം. ആയിരക്കണക്കിന് രൂപ വിലയുള്ള മരുന്നുകളാണ് പുറമെ നിന്ന് വില കൊടുത്തു വാങ്ങേണ്ടി വരുന്നത്. മരുന്ന് സ്റ്റോക്ക് ഇല്ലാത്തതിനാൽ ആശുപത്രി അധികൃതരും നിസഹായരാണ്.
മരുന്ന് വാങ്ങാൻ ഫണ്ടില്ല
ജില്ലാ പഞ്ചായത്താണ് ജില്ലാ ആശുപത്രിക്ക് ലോക്ക്ഡൗണിന് മുമ്പ് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും 10 ലക്ഷം രൂപ കാൻസറിനടക്കമുള്ള മരുന്ന് വാങ്ങാനുമായിരുന്നു അനുവദിച്ചത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ദൂരെ സ്ഥലങ്ങളിൽ ചികിത്സിച്ചിരുന്ന പലരും മരുന്നിനായി തൊടുപുഴ ജില്ലാ ആശുപത്രിയെ സമീപിച്ചതോടെ മാസങ്ങൾക്കകം ഈ മരുന്നുകൾ തീർന്നു. എന്നാൽ പുതിയ ഫണ്ട് അനുവദിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കൊവിഡ് മൂലം ആരോഗ്യവകുപ്പിൽ നിന്ന് മരുന്നുകൾ വരുന്നത് കുറവാണ്.
ഇൻഷുറൻസ് ഉള്ളവർക്ക് 500 രൂപ
ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് നേരത്തെ സൗജന്യമായി മരുന്നുകൾ ആശുപത്രിയിൽ നിന്ന് ലഭിക്കുമായിരുന്നു. എന്നാൽ സ്റ്റോക്കില്ലാതായതോടെ പൊലീസ് അസോസിയേഷന്റെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നുണ്ട്. ഇതിന് ഓരോതവണയും 500 രൂപ അടയ്ക്കണം. ഇതിന് പോലും സാധിക്കാത്ത നിർദ്ധന രോഗികളാണ് ബുദ്ധിമുട്ടിലാകുന്നത്.
'രോഗികളാരും തന്നോട് പരാതി പറഞ്ഞിട്ടില്ല. ഏതായാലും മരുന്നുകളുടെ സ്റ്റോക്ക് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മൂലം ആരോഗ്യവകുപ്പിൽ നിന്ന് നേരിട്ട് പഴയപോലെ മരുന്നുകൾ ലഭിക്കുന്നില്ല. കാൻസർ മരുന്നുകൾക്ക് വലിയ വിലയായതിനാൽ ആശുപത്രി ഫണ്ടിൽ നിന്ന് വാങ്ങാനും സാധിക്കില്ല. "
-ഡോ. ഉമാദേവി ( ജില്ലാ ആശുപത്രി സൂപ്രണ്ട്)