തൊടുപുഴ: സംഘടനയിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ ഡി.വൈ.എഫ്.ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റിനെ യുവാവ് മർദ്ദിച്ചതായി പരാതി. സോണി സോമിക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുളപ്പുറത്ത് വച്ച് മർദ്ദനമേറ്റത്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ വഴിയിൽ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. മർദ്ദനത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ സോണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘടനാവിരുദ്ധാപ്രവർത്തനത്തിന് പുറത്താക്കിയ രഞ്ജു ബാലനാണ് തന്നെ ആക്രമിച്ചതെന്ന് സോണി പരാതിയിൽ പറയുന്നു. ഇത് കൂടാതെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തൊടുപുഴ പാർട്ടി ആഫീസിലെത്തിയ ജില്ലാ പ്രസിഡന്റ് പി.പി. സുമേഷിനെ രഞ്ജു അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. സോണിയെയും സുമേഷിനെയും കൊലപ്പെടുത്തുമെന്ന തരത്തിലുള്ള രഞ്ജുവിന്റേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്ന തായും പാർട്ടി നേതാക്കൾ പറയുന്നു. സംഭവത്തിൽ രഞ്ജുവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കരിമണ്ണൂർ എസ്.ഐ കെ. സിനോദ് പറഞ്ഞു.