joy-vettikuzhy

ജില്ലയിൽ സമുച്ചയങ്ങൾ കട്ടപ്പന , കാഞ്ചിയാർ, വാത്തിക്കുടി എന്നിവടങ്ങളിൽ

ഇടുക്കി: അശരണരായ ജനങ്ങളുടെ ഉന്നമനവും സംരക്ഷണവും ലക്ഷ്യമിടുന്ന സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ലൈഫ് ഭവന സമുച്ചയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. സംസ്ഥാനത്തെ 29 ലൈഫ് സമുച്ചയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മികവാർന്ന പ്രവർത്തനം കാഴ്ചവച്ചു. ലൈഫിലടെ 2,26518 കുടുംബങ്ങൾ ഇതിനകം സ്വന്തം വീട്ടിലേയ്ക്ക് താമസം മാറ്റി. ഭവന നിർമ്മാണമേഖലയിൽ സ്വതന്ത്ര ഇന്ത്യയിൽ ഒരു സംസ്ഥാനത്തു നടന്ന ബൃഹദ് പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എം എം മണി, മന്ത്രി കെ.കെ.ശൈലജ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. ഇടുക്കി ജില്ലയിൽ കട്ടപ്പന , കാഞ്ചിയാർ, വാത്തിക്കുടി എന്നിവിടങ്ങളിലാണ് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നത്. നഗരസഭാ കോൺഫറൻസ് ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിന് റോഷി അഗസ്റ്റിൻ എംഎൽഎ ഓൺലൈനായി ആശംസകളർപ്പിച്ചു.
കട്ടപ്പന നഗരസഭയിലെ ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു.വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശേരി ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ സംഘടിപ്പിച്ച പ്രാദേശിക യോഗത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ് ഉദ്ഘാടനത്തിന് ശേഷം കാഞ്ചിയാർ പള്ളിക്കവല വനിതാ സാംസ്‌ക്കാരിക നിലയത്തിൽ പ്രാദേശിക തിരി തെളിക്കൽ ചടങ്ങും ശിലാഫലക അനാഛാദന ചടങ്ങും നടത്തി. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം എൽ എ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്ക് ചേർന്നു.