തൊടുപുഴ: ടൗൺ ഹാളിന് സമീപത്തെ മുനിസിപ്പൽ കെട്ടിടത്തിലെ വാടകമുറിയിൽ പൂട്ടിയിട്ടെന്ന പൗരാവകാശ പ്രവർത്തകന്റെ പരാതിയെ തുടർന്ന് പൊലീസെത്തി ഇദ്ദേഹത്തെ പുറത്തിറക്കി. മുതലക്കോടം ആറ്റുപിള്ളി ചാക്കോയാണ് തന്നെ മുറിയിൽ പൂട്ടിയിട്ടെന്ന് ഇന്നലെ മാദ്ധ്യമങ്ങളെയും പൊലീസിനെയും വിളിച്ചറിയിച്ചത്. പരേതനായ ചാമക്കാലായിൽ സി.ജെ. മാത്യു നഗരസഭയിൽ നിന്ന് വാടകയ്ക്കെടുത്ത മുറിയായിരുന്നു ഇത്. വാടക നൽകുന്നത് സംബന്ധിച്ച് മാത്യുവും നഗരസഭയും തമ്മിൽ കോടതിയിൽ കേസ് നിലവിലുണ്ട്. മാത്യു ഈ കടമുറി ദിവസം 500 രൂപ വാടകയ്ക്ക് തനിക്ക് നൽകിയിരുന്നെന്ന് ചാക്കോ ആറ്റുപിള്ളി പറയുന്നു. കുറച്ച് നാൾ കഞ്ഞിക്കടയും പിന്നീട് പൗരാവകാശ സംരക്ഷസമിതി ആഫീസും ഈ മുറിയിൽ പ്രവർത്തിച്ചു. എന്നാൽ പിന്നീട് വാടക നൽകാത്തതിന് മാത്യു കടയൊഴുപ്പിച്ചതായും ചാക്കോ പറയുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജൂണിൽ മാത്യു മരിച്ചു. തുടർന്ന് ഇന്നലെ രാവിലെ ചാക്കോ മുറിക്കുള്ളിൽ കയറുകയായിരുന്നു. ഇതിനിടെ മാത്യുവിന്റെ മകനെത്തി മുറി പുറത്ത് നിന്ന് പൂട്ടിയെന്ന് ചാക്കോ പൊലീസിനെയും മാദ്ധ്യമങ്ങളെയും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് മുറിയുടെ പുറകുവശത്ത് കൂടെ ചാക്കോയെ പുറത്തിറക്കി. അതേസമയം മുറി താൻ പുറത്ത് നിന്ന് പൂട്ടിയിട്ടില്ലെന്ന് ജോസ് മാത്യു പറയുന്നു. ചാക്കോ പിന്നിലൂടെയുള്ള വഴി അകത്ത് കയറി ഇരുന്ന് പൊലീസിനെയും മാദ്ധ്യമങ്ങളെയും വിളിച്ചതാണ്. മാത്രമല്ല മുറി ചാക്കോയ്ക്ക് വാടകയ്ക്ക് നൽകിയിട്ടില്ലെന്നും ജോസ് പറഞ്ഞു. സംഭവത്തിൽ രണ്ടുകൂട്ടരോടും മുറിയിൽ അവകാശം തെളിയിക്കുന്ന രേഖകളുമായി ഇന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൊടുപുഴ എസ്.ഐ പറഞ്ഞു.