ചെറുതോണി: ജില്ലാ ആസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുയോഗങ്ങളിൽ പങ്കെടുത്ത ജനപ്രതിനിധിയിൽ നിന്നും സമ്പർക്കത്തിലൂടെ മറ്റൊരു ജനപ്രതിനിധിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെറുതോണിയിലും മണിയാറൻകുടിയിലും പൊതുയോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ച വനിതാ ജനപ്രതിനിധിക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പം പൊതുയോഗങ്ങളിൽ വേദി പങ്കിട്ട മുതിർന്ന പഞ്ചായത്തംഗത്തിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. . കഴിഞ്ഞ ദിവസം രോഗ ലക്ഷണങ്ങൾ പ്രകടമായ ഇദ്ദേഹത്തന്റെ മാത്രം സ്രവമാണ് പരിശോധനക്കെടുത്തിരുന്നുള്ളു. വൈദ്യുതി മന്ത്രി, എംഎൽഎ തുടങ്ങി നിരവധി ജനപ്രതിനിധികൾ നിരീക്ഷണത്തിലാണ്. ഇന്ന് ഇവരുടെ സ്രവപരിശോധന നടക്കും. ഗ്രാമ, ബ്ലോക്ക പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, രാഷ്ട്രീയ കക്ഷിനേതാക്കൾ, കൊവിഡ് സ്ഥിരീകരിച്ച വനിതാ ജനപ്രതിനിധിയുമായി അടുത്ത സമ്പർക്കമുണ്ടായിട്ടുള്ള രോഗ ലക്ഷണങ്ങളുള്ള പൊതുജനങ്ങൾ എന്നിവരുടെ പരിശോധനയും ഇന്ന് നടക്കുമെന്ന് വാഴത്തോപ്പ് മെഡിക്കൽ ഓഫീസർ അറിയിച്ചു.