നെടുങ്കണ്ടം: ഭർത്താവുമായുളള വഴക്കിനെ തുടർന്നു അമ്മയും ബുദ്ധിമാന്ദ്യമുള്ള മകളും ആത്മഹത്യക്കു ശ്രമിച്ചു. അമ്മ മരിച്ചു. മകൾ രക്ഷപ്പെട്ടു. കുഴിത്തൊളു നെല്ലിമലകണ്ടം മേലേത്തറ വിജയമ്മ (60) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് പറയുന്നതിങ്ങനെ: ബുധാനാഴ്ച രാത്രിയിൽ ചക്ക പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായി വിജയമ്മ തർക്കമുണ്ടായിരുന്നു. വൈകിട്ട് ചോറ് ഉണ്ടാക്കാതെ ചക്ക വേവിച്ചത് ഭർത്താവ് ഭാസ്‌കരനു ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് ഭർത്താവ് ചോദ്യം ചെയ്തിരുന്നു. ഇനി മുതൽ വീട്ടിൽ ചോറുണ്ടാക്കരുതെന്ന് ഭാസ്‌കരൻ വിജയമ്മയോട് പറയുകയും ചെയ്തു. ഇന്നലെ രാവിലെ ചോറിനു അരിയിട്ടപ്പോൾ ഭാസ്‌കരൻ അടുപ്പിൽ വെള്ളമൊഴിച്ചു. ഇതിനെ തുടർന്ന് ഭർത്താവിനോട് പിണങ്ങിയ വിജയമ്മ ബുദ്ധിമാന്ദ്യമുള്ള മകളുമായി പുരയിടത്തിലെത്തി. ഇവിടെ ഒരു പ്ലാവിൽ ഒരു സാരിയിൽ 2 പേരും തുങ്ങുകയായിരുന്നു. മകൾ സാരിയുടെ കെട്ടഴിഞ്ഞ് താഴെ വീണു. വിജയമ്മ മരിച്ചു. മകൾ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. കമ്പംമെട്ട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പംമെട്ട് സിഐ ജി സുനിൽകുമാർ അറിയിച്ചു.