ഇടുക്കി: വീട് നിർമിക്കാൻ മണ്ണെടുക്കാനുള്ള അനുമതി പലയിടങ്ങളിലും ദുർവിനിയോഗം ചെയ്യുന്നതായി ജില്ലാ ദുരന്തനിവാരണ. അതോറിറ്റി വിലയിരുത്തി. മണ്ണെടുത്ത് ഒരു വർഷത്തിനുള്ളിൽ നിർമാണ നടപടി ആരംഭിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കിൽ ജിയോളജി വകുപ്പ് പിഴ ചുമത്തും. എന്നാൽ പലരും മണ്ണെടുത്ത് വിൽക്കാനായി അനുമതി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വളരെ ഉയരത്തിൽ മണ്ണെടുക്കാൻ പാടില്ല. ബെഞ്ച് രീതിയിൽ തട്ടുകളായി മാത്രമെ മണ്ണെടുക്കാവു. അതല്ലെങ്കിൽ മഴക്കാലത്ത് മണ്ണിടിഞ്ഞ് വീടുകൾക്ക് നാശം സംഭവിക്കുമെന്ന് ജിയോളജി വകുപ്പ് പ്രതിനിധി അറിയിച്ചു.വിവിധ ഗ്രാമപഞ്ചായത്തുകളിൽ കഴുകി സൂക്ഷിച്ചിട്ടുള്ള മണൽ വിൽക്കുന്നതിന് നടപടികൾ സ്വീകരിക്കും.
വണ്ടിപ്പെരിയാർ ശാന്തിപ്പാലം, നൂറടി പാലങ്ങളുടെ പുനർനിർമാണ കാര്യത്തിൽ ഹൈകോടതി വിധി പാലിച്ച് നടപടികളാരംഭിക്കാനും യോഗം തീരുമാനിച്ചു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രധാന ആശുപത്രികളിലെ സൗകര്യങ്ങൾ ഇനിയും വർധിപ്പിക്കുന്നതിനു ശേഷിക്കുന്ന ഫണ്ടുകൾ ഉപയോഗിക്കാനും തീരുമാനമായി. ജില്ലാ കളക്ടർ എച്ച് ദിനേശൻ അ്ദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ എഡിഎം ആന്റണി സ്‌കറിയ, അസി. കളക്ടർ സുരജ്ഷാജി, വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.