തൊടുപുഴ: തുണി കഴുകുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. വണ്ടമറ്റം മണ്ണാറത്തറ പുത്തൻപുരയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ അമ്മിണിയാണ് (73) മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 6.15ന് വണ്ടമറ്റം പ്ലാക്കുഴി പാലത്തിന് സമീപത്തെ കുളിക്കടവിലായിരുന്നു സംഭവം. പതിവ് പോലെ അമ്മിണി ഇവരുടെ വീടിന് സമീപത്തെ കുളിക്കടവിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് മരുമകൾ നോക്കുമ്പോൾ അമ്മിണിയെ കണ്ടില്ല. തുടർന്ന് തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും കാളിയാർ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് മടങ്ങിയതിനു ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാത്രി വൈകി കുളിക്കടവിനു സമീപത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. മക്കൾ: പ്രകാശ്, ദാസൻ, ഹരി. മരുമക്കൾ: ഇന്ദു, രേഖ, ബിന്ദു.