തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ മാറ്റാൻ മന്ത്രിയുടെ നിർദേശം
തൊടുപുഴ: കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോയുടെ ശനിദശ മാറ്റാൻ ഗതാഗത മന്ത്രിയുടെ ഇടപെടൽ. നിർമാണം എത്രയും വേഗം പൂർത്തിയാക്കി തൊടുപുഴ ഡിപ്പോയുടെ പ്രവർത്തനം പുതിയ മന്ദിരത്തിലേക്ക് മാറ്റാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി എം.ഡിക്ക് നിർദേശം നൽകി. ഇത്തരം പണി പൂർത്തിയാകാനുള്ള ഡിപ്പോകളുടെ കാര്യത്തിൽ പ്രത്യേക പദ്ധതികൾ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. തൊടുപുഴ ഡിപ്പോയുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേൽക്കൂരയിലെ ചോർച്ച മാറ്റി വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കുകയും ടോയ്ലറ്റുകൾ ഉപയോഗ യോഗ്യമാക്കുകയുമാണ് ഇനി ചെയ്യാനുള്ളത്. ഇതിന് ഏകദേശം 15 ലക്ഷം രൂപ വരുമെന്നാണ് പ്രാഥമികമായി തയ്യാറാക്കിയ എസ്റ്റേറ്റിമേറ്റിൽ നിന്ന് വ്യക്തമായത്. ഇതിൽ ഏഴ് ലക്ഷം രൂപ നിലവിൽ മേൽക്കൂര ചോരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കുന്നതിന് ഉപയോഗിക്കും. നേരത്തെ ടെൻഡർ ഏറ്റെടുത്തിരുന്ന ഇലക്ട്രിഫിക്കേഷൻ വിഭാഗം ഈ ജോലികൾ ചെയ്യും. ടോയ്ലറ്റുകളടക്കമുള്ള സിവിൽ വർക്കുകൾക്ക് എട്ട് ലക്ഷം രൂപയടുത്തുമാണ് ആവശ്യം വരിക. ഈ ജോലികൾ ചെയ്യാൻ ഈയാഴ്ച തന്നെ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് നിന്ന് ടെൻഡർ വിളിക്കും. വിശദമായ എസ്റ്റിമേറ്റ് എടുക്കാൻ ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷം പണം അനുവദിക്കും.
ഒരു മാസം മുമ്പ് ഡയറക്ടർ ബോർഡംഗം സി.വി. വർഗീസിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കി ഡിപ്പോ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക നടപടികളിൽ കുരുങ്ങി പ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു. ഇതിനു മുമ്പും അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി ഡിപ്പോ തുറക്കാൻ ഒട്ടേറെ തവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
പണി തുടങ്ങിയിട്ട് ഏഴ് വർഷം
2013 ജനുവരിയിലാണ് തൊടുപുഴയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമാണം ആരംഭിച്ചത്. ആദ്യം പന്ത്രണ്ടര കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. പല കാരണങ്ങളാൽ ഇടയ്ക്ക് നിർമാണം മുടങ്ങി. ഇതുമൂലം ലക്ഷക്കണക്കിന് രൂപ കോർപറേഷന് നഷ്ടമായി. പി.ജെ. ജോസഫ് എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചെങ്കിലും നിർമാണം പൂർത്തിയായില്ല. നഗരസഭയുടെ ലോറി സ്റ്റാൻഡിലാണ് 2013 മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്നത്. ഇതിനിടെ ലോറി സ്റ്റാൻഡിൽ നിന്ന് ഡിപ്പോ മാറ്റണമെന്ന് നഗരസഭ പലതവണ ആവശ്യപ്പെട്ടു കഴിഞ്ഞു.