കാഞ്ചിയാർ: ഭൂപ്രശ്നങ്ങളുടെ പേരിൽ യുഡിഎഫ് സമരം നടത്തേണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പി ജെ ജോസഫിന്റെയും വീട്ടുമുറ്റത്താണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. കാഞ്ചിയാറിൽ നടന്ന നയവിശദീകരണ യോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കൃഷിക്കാരെ വഞ്ചിച്ചതിന്റെയും ദ്രോഹിച്ചതിന്റെയും ചരിത്രമാണ് കോൺഗ്രസിനും യുഡിഎഫിനുമുള്ളത്. 1961ൽ അയ്യപ്പൻകോവിലിൽ നിന്നു നാലായിരം കർഷക കുടുംബങ്ങളെ കുടിയിറക്കി തെരുവിലേക്ക് വലിച്ചെറിയുകയും അവരുടെ വീടുകളും കൃഷി ദേഹണ്ഡങ്ങളും കത്തിച്ച കൊടും ക്രൂരതകൾ ചെയ്തവരാണ് യുഡിഎഫുകാർ. 1963 ലും 82ലും എല്ലാം കോൺഗ്രസിന് അധികാരം
കിട്ടിയപ്പോൾ കൃഷിക്കാരെ കുടിയിറക്കി ദ്രോഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും പട്ടയത്തിന്റെ പേരിൽ കൃഷിക്കാരെ ക്രൂരമായി വഞ്ചിച്ചു. ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവർക്ക് പട്ടയം കൊടക്കേണ്ട എന്ന് തീരുമാനിച്ചതും ഒരേക്കർ ഭൂമിക്ക് മാത്രമേ പട്ടയം കൊടുക്കാവുവെന്നും തീരുമാനിച്ചതും പട്ടയ ഭൂമി 12
വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലായെന്നതും ഉൾപ്പെടെയുള്ള 16 വ്യവസ്ഥകൾ വെച്ചതും യുഡിഎഫ് സർക്കാരാണ്. യുഡിഎഫിന്റെ ഈ കർഷക വിരുദ്ധ വ്യവസ്ഥകളെല്ലാം എടുത്ത് കളഞ്ഞ് നാലേക്കർ ഭൂമിക്ക് വരെ ഉപാധിരഹിത
പട്ടയമാണ് എൽഡിഎഫ് സർക്കാർ കൊടുക്കുന്നത്. ഹൈക്കോടതി വിധിയെ തുടർന്ന് നിർമാണമേഖല പ്രതിസന്ധിയെ നേരിട്ടപ്പോൾ ഇത് പരിഹരിക്കാനോ ഭൂമിപതിവ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തയാറാകാത്ത യുഡിഎഫിന്റെ തനിനിറം
ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിപതിവ് ചട്ടങ്ങളിൽ കാലോചിതമായ മാറ്റംവരുത്തണമെന്നാണ് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ നിലപാട്. സിപിഐ കട്ടപ്പന മണ്ഡലംസെക്രട്ടറി വി ആർ ശശി അദ്ധ്യക്ഷതവഹിച്ചു.മാത്യു ജോർജ്, വി പി ജോസ്, ജോസ്
ഞായർകുളം, പി ജി കലേഷ്, കെ സി ബിജു, വിജയകുമാരി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.