ചെറുതോണി: വാടക കുടിശികയുടെ പേരിൽ ബി.എസ്.എൻ.എലിന്റെ കസ്റ്റമർകെയർ സെന്റർ പൂട്ടുന്നതിനെത്തിയ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും പൊലീസിനേയും നാട്ടുകാരും വ്യാപാരികളും ചേർന്ന് തടഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ്പൊലീസിന്റെ സഹായത്തോടെ വാടക കുടിശികയുടെ പേരിൽ ഓഫീസ് ജപ്തിചെയ്യാനെത്തിയത്. വർഷങ്ങളായി ജില്ലാ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിന് മുമ്പ് ഇവിടെ റെയിൽവേ ബുക്കിംഗ് കൗണ്ടറാണ് പ്രവർത്തിച്ചിരുന്നത്. റെയിൽവേയുടെ ഓഫീസ് മാറിയശേഷമാണ് ബി.എസ്.എൻ.എലിന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരമാണ് കസ്റ്റമർ കെയർസെന്റർ ചെറുതോണിയിൽ പ്രവർത്തിച്ചിരുന്നത്. ഇതിൽ കൂടുതൽ വാടക അടക്കാനുള്ളവരുടെ പേരിൽ നടപടിയെടുക്കാതെ ബി.എസ്.എൻ.എൽ ഓഫീസ് പൂട്ടാനെത്തിയതിൽ ദുരൂഹതയുണ്ടന്ന് നാട്ടുകാരാരോപിച്ചു. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പൊലീസും ജില്ലാ പഞ്ചായത്ത് പ്രതിനിധികളും ഓഫീസ് പൂട്ടാതെ തിരികെ പോവുകയായിരുന്നു.