മൂലമറ്റം: ബൈക്ക് റോഡിൽ കിടന്ന മണലിൽ കയറി തെന്നി മറിഞ്ഞ് ബൈക്കിന് പിന്നിലിരുന്നയാൾക്ക് സാരമായി പരിക്കേറ്റു. മുട്ടം തോട്ടുംകര സ്വദേശി നിയാസിനാണ് (30)പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അറക്കുളം പന്ത്രണ്ടാം മൈലിലുള്ള വളവിലാണ് അപകടം. മൂലമറ്റം സ്വദേശി ഓടിച്ചിരുന്ന ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.നിയാസിനെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അറക്കുളം പന്ത്രണ്ടാം മൈലിലുള്ള കൊടുംവളവിൽ നിരവധി അപകടങ്ങളാണ് പതിവായി ഉണ്ടാകുന്നത്.റോഡരികിലുള്ള മണൽ മഴയത്ത് റോഡിലേക്ക് ഒഴുകി എത്തി റോഡിൽ കിടക്കുന്നതാണ് അപകട സാഹചര്യം ഉണ്ടാക്കുന്നത്.റോഡിൽ ചിതറി കിടന്ന മണൽ അപകട സാധ്യത ഉണ്ടാക്കുമെന്ന് മനസിലാക്കിയ പ്രദേശത്തെ മഹിളാ മോർച്ച പ്രവർത്തകർ കഴിഞ്ഞയാഴ്ച റോഡിൽ നിന്നും മണൽ നീക്കം ചെയ്തിരുന്നു. കനത്ത മഴയത്ത് വീണ്ടും മണൽ റോഡിലേക്ക് ഒഴുകി എത്തുന്നതാണ് അപകടം ഉണ്ടാക്കുന്നത്.ഈ അപകട വളവ് നികത്തണമെന്ന് ദീർഘനാളുകളായുള്ള നാട്ടുകാരുടെ ആവശ്യം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.