തൊടുപുഴ: കെ.എം. മാണിയെ കൊലയ്ക്ക് കൊടുത്തവർ കേരളജനതയോടും കൃഷിക്കാരോടും ഇപ്പോൾ മാപ്പ് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ പറഞ്ഞു. ഇടതുപക്ഷ മുന്നണി കെ.എം. മാണിയോട് കാണിച്ച കൊടുംക്രൂരതയ്ക്ക് ചിന്താശേഷിയുള്ള കേരളജനത മാപ്പ് നൽകില്ല. ഇടതുപക്ഷ മുന്നണി കൺവീനർ വിജയരാഘവന്റെ ഇപ്പോഴത്തെ ഏറ്റുപറച്ചിൽ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണ്. കേരളത്തിലെ കൃഷിക്കാർക്കുവേണ്ടി പോരാട്ടം നടത്തിയിട്ടുള്ള മാണിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചവർ അതെല്ലാം കള്ളപ്രചരണങ്ങൾ ആയിരുന്നെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കേരളജനതയോടുള്ള വഞ്ചനയാണ്. താൻ അവതരിപ്പിച്ച മുഴുവൻ ബഡ്ജറ്റുകളിലും കൃഷിക്കാരനെയും തൊഴിലാളികളെയും സംരക്ഷിക്കാൻ തയ്യാറായ മാണി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനേതാവാണ്.
ഗീബൽസിനെ പോലും തോൽപ്പിക്കുന്ന നുണപ്രചരണങ്ങൾ നടത്തി കേരളജനതയെ ഇനിയും കമ്പിളിപ്പിക്കാമെന്ന് ആരും ധരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.