തൊടുപുഴ: കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2013ൽ നിർമ്മാണം ആരംഭിച്ച ഡിപ്പോയ്ക്ക് വേണ്ടി 16 കോടിയോളം രൂപ പൊതുഖജനാവിൽ നിന്ന് മുടക്കിയിട്ടും അതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടാതെപോകുന്നത് ഗൗരവമായി കാണണം. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പ്രാപ്തിയുള്ള ഒരു ജനപ്രതിനിധി ഇന്ന് തൊടുപുഴയിൽ ഇല്ലെന്ന് കേരളാ കോൺഗ്രസ് (എം) പറഞ്ഞു. ഡിപ്പോയുടെ നിർമ്മാണത്തെക്കുറിച്ച് യഥാസമയം അന്വേഷിക്കുന്നതിനും നിർമ്മാണപുരോഗതി വിലയിരുത്തുന്നതിനും കഴിഞ്ഞിരുന്നെങ്കിൽ ഇതിലും കുറഞ്ഞചെലവിൽ വളരെ മുമ്പേതന്നെ ഡിപ്പോ പ്രവർത്തനസജ്ജമാകുമായിരുന്നു. മൂവാറ്റുപുഴ ഡിപ്പോ നിർമ്മാണം ഇതിന് ഉദാഹരണമാണ്. എം.എൽ.എയുടെ വികസനഫണ്ടിൽ നിന്ന് നിർമ്മാണത്തിന് അനുവദിച്ച രണ്ട് കോടി രൂപയും ഫലപ്രദമായി ചെലവഴിച്ചോയെന്ന് സംശയിക്കണം. ഡിപ്പോ നിർമ്മാണത്തിലെ അഴിമതികൾ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും ഉടനെ തന്നെ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടും ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹസമരം നടത്തുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ജിമ്മി മറ്റത്തിപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, മാത്യു വാരിക്കാട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, മധു നമ്പൂതിരി, കുര്യാച്ചൻ പൊന്നാമറ്റം, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, ജൂണിഷ് കള്ളികാട്ട്, സാൻസൻ ആക്കക്കാട്ട്, കെവിൻ അറയ്ക്കൽ, ലാലി ജോസി, അഡ്വ. ബിനു തോട്ടുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.