ചെറുതോണി: അറവുശാലയിലെ മലിനജലം ഒഴുകുന്നത് സംസ്ഥാന പാതയിലേക്ക്. ചെറുതോണിയിൽ പ്രവർത്തിക്കുന്ന അറവുശാലയിൽ നിന്നാണ് റോഡിലേക്ക് മലിനജലം ഒഴുകുന്നത്. മലിനജലവും മാലിന്യങ്ങളും സംസ്‌കരിക്കാൻ യാതൊരു സംവിധാനവും ഇല്ലാതെയാണ് ഇവിടെ അറവുശാല പ്രവർത്തിക്കുന്നത്. ചെറുതോണിയിൽ നിന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കടന്നുപോകുന്ന പാതയിലൂടെയാണ് വെള്ളം ഒഴുകി കൊണ്ടിരിക്കുന്നത്. ഏറെ ദുർഗന്ധം വമിച്ചു കൊണ്ട് ഒഴുകുന്ന ഈ ജലം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിന് സമീപത്ത് കൂടി ഒഴുകിയെത്തുന്ന തോട് വഴി ഈ മലിനജലം പെരിയാറിലേക്കാണ് എത്തുന്നത്. ദിവസത്തിൽ പല തവണയായി ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉൾപ്പെടെയുള്ളവർ കടന്നുപോകുന്ന പാതയിലാണ് റോഡിന് കുറുകെ മലിനജലം ഒഴുകുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് അറവുശാലയുടെ പ്രവർത്തനം നിറുത്തലാക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും ആവശ്യം ശക്തമാണ്.