തൊടുപുഴ: 2019-20 സാമ്പത്തിക വർഷം കുടിശിക കൂടാതെ വായ്പാതുക തിരിച്ചടച്ച ആയിരത്തോളം കർഷകർക്ക് തൊടുപുഴ കാർഷിക വികസന ബാങ്ക് സൗജന്യമായി മൂന്ന് ഫലവൃക്ഷതൈകൾ വീതം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽപ്പെട്ട പ്ലാവിൻതൈ, കൊളമ്പ് ഇനത്തിൽപ്പെട്ട മാവിൻതൈ, നല്ലയിനം കാസർക്കോടൻ തെങ്ങിൻതൈ എന്നിവയാണ് നൽകുക. വായ്പാതിരച്ചടവിന് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും തൊടുപുഴ കാർഷിക വികസന ബാങ്കിലെ ആയിരത്തോളം അംഗങ്ങൾ അവരുടെ വായ്പ കൃത്യമായി തിരിച്ചടച്ചു എന്നത് പ്രശംസനീയമായ നടപടിയാണെന്ന് വിലയിരുത്തിയാണ് പ്രോത്സാഹനമായി വൃക്ഷതൈകൾ നൽകുന്നത്. കഴിഞ്ഞ വർഷവും വായ്പ കൃത്യമായി തിരിച്ചടവർക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. ഒക്ടോബർ ആറിന് രാവിലെ 11ന് തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ.ഐ. ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേന്ദ്ര ബാങ്ക് പ്രസിഡന്റ് അഡ്വ. സോളമൻ അലക്സ് തൈവിതരണം ഉദ്ഘാടനം ചെയ്യും. ബാങ്ക് വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ്, ഡയറക്ടർ ടി.എം. സലിം എന്നിവർ പ്രസംഗിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.ജെ. അവിര, എൻ.ഐ. ബെന്നി, ടി.എം. ജോർജ്ജ് തൈമറ്റം, റെജി കുന്നങ്കോട്ട്, കെ.എം. സലിം, പി.ഡി. പുഷ്പകുമാർ, ലൈസമ്മ ശശി, ലിസി ജോസ്, മറിയമ്മ ബെന്നി, സെക്രട്ടറി സി.ഡി. ജോളി, അസി. സെക്രട്ടറി ഹണിമോൾ എം എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകും. 6, 7, 8, 9 തീയതികളിലായാണ് തൈകൾ വിതരണം ചെയ്യുക. തൊടുപുഴ കാർഷിക വികസന ബാങ്ക് അംഗങ്ങൾക്ക് 7.75% പലിശയ്ക്ക് കാർഷിക വായ്പ നൽകി വരുന്നുണ്ട്. കുടിശ്ശികക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സൗജന്യങ്ങളോടുകൂടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും ബാങ്കിൽ നിലവിലുണ്ടെന്ന് ഭരണസമിതി അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പ്രൊഫ. കെ.ഐ. ആന്റണി,​ വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ്, ഡയറക്ടർ ടി.എം. സലിം, എൻ.ഐ. ബെന്നി, റെജി കുന്നങ്കോട്ട്, മറിയാമ്മ ബെന്നി എന്നിവർ പങ്കെടുത്തു.