തട്ടക്കുഴ: എൻ.എസ്.എസ് സംസ്ഥാന അവാർഡിൽ തട്ടക്കുഴ ഗവ. സ്‌കൂളിന് അംഗീകാരം. വിവിധ പ്രോജക്ടുകൾ ഏറ്റെടുത്ത് നടപ്പാക്കിയതിനുള്ള പ്രത്യേക പുരസ്‌കാരമാണ് എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർ ബി. സജീവിനും ലഭിച്ചത്. മാലിന്യ നിർമാർജനത്തിന് മാഗട്ട് ഫാം നിർമിച്ചുള്ള കോഴിവളർത്തൽ പദ്ധതി, മാലിന്യത്തൊട്ടി, ഗ്രീൻ സ്‌കൂൾ,വീട്ടമ്മമാർക്ക് കോഴിക്കുഞ്ഞു വിതരണം, സ്‌കിൽ ഫിൽ പദ്ധതി, പൂക്കാലം പദ്ധതി, വിവിധ വാർഡുകളെ സമ്പൂർണ അവയവദാന ഗ്രാമങ്ങളാക്കി മാറ്റുന്ന പദ്ധതി, കാരുണ്യ കരോൾ പദ്ധതി, അടുക്കളത്തോട്ട നിർമാണം, സൗജന്യ കുടിവെള്ള പരിശോധന, ടെൻ ട്രീ ചലഞ്ച്, ജലസംരക്ഷണ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, വയോജനങ്ങൾക്കുള്ള പദ്ധതികൾ, പ്ലാസ്റ്റിക് നിർമാർജന പദ്ധതികൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. പ്രിൻസിപ്പൽ ഫാത്തിമ റഹീമും പി.ടി.എ പ്രസിഡന്റ് പി.ടി. ഷിബുവും അവാർഡ് ജേതാവിനെ അനുമോദിച്ചു.