തൊടുപുഴ: മണിയാറൻകുടി ഉടുമ്പന്നൂർ റോഡിന്റെ അവഗണനയ്ക്കെതിരെ മണിയാറൻകുടിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് നാളെ രാവിലെ 10 മുതൽ ഏകദിന ഉപവാസം അനുഷ്ഠിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരപരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് 70 വർഷം പഴക്കമുള്ളതും ഹൈറേഞ്ചും ലോറേഞ്ചും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏറ്റവും സുഗമമായതും ദൂരം കുറഞ്ഞതുമായ മണിയാറൻകുടി- കത്തിപ്പാറ- ഉടുമ്പന്നൂർ റോഡ് പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജനപ്രകാരം ജില്ലയിൽ അനുവദിച്ചിട്ടുള്ള 26 റോഡുകളിലൊന്നാണ്. എന്നാൽ ഈ റോഡിന്റെ സർവേ നടപടികൾക്ക് പോലും അനുമതി നൽകാതെ തടസം നിൽക്കുന്ന കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ഉപവാസ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഉദ്ഘാടനം ചെയ്യും. യുവമോർച്ച ഇടുക്കി മണ്ഡലം പ്രസിഡന്റ് സനൽ സഹദേവൻ അദ്ധ്യക്ഷനാകും. ഇടുക്കി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ്. എസ് മീനത്തേരിൽ സ്വാഗതവും ഷാജി നെല്ലിപ്പറമ്പൻ മുഖ്യപ്രഭാഷണവും നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ഇടുക്കി മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, ഇടുക്കി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ്. എസ് മീനത്തേരിൽ, മീഡിയ സെൽ കോ- കൺവീനർ ശ്രീരാജ് കാഞ്ഞിരമറ്റം എന്നിവർ പങ്കെടുത്തു.