തൊടുപുഴ: മലയാളികളുടെ മനസിൽ ഇടംപിടിച്ച ജോർജ്കുട്ടിയും കുടുംബവും വീണ്ടും തൊടുപുഴയിലെത്തുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത മെഗാ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം- 2 വിന്റെ ഷൂട്ടിംഗ് അഞ്ചിന് തൊടുപുഴയിൽ ആരംഭിക്കും. എറണാകുളം തൊടുപുഴ എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.
കഴിഞ്ഞ 21 ന് എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചു. ആദ്യഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ് കുട്ടിയുടെ കുടുംബം താമസിക്കുന്ന വഴിത്തലയിലുള്ള മഠത്തിപ്പറമ്പിൽ ജോസഫിന്റെ വീട്ടിൽ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ആർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ സെറ്റ് റെഡിയായി വരുകയാണ്. കാഞ്ഞാർ കൈപ്പയിലും സിനിമക്ക് വേണ്ടിയുള്ള സെറ്റിന്റെ ജോലികൾ ഉടൻ ആരംഭിക്കും. ദൃശ്യം ആദ്യഭാഗത്തിൽ വഴിത്തലയിലെ മഠത്തിപ്പറമ്പിൽ വീടിന് ലേശം രൂപമാറ്റം വരുത്തിയിരുന്നു. പിന്നീട് ഉലകനായകൻ കമലഹാസനും ഗൗതമിയും അഭിനയിച്ച പാപനാശത്തിനായി തമിഴ് രീതിയിലും വീടിന് മാറ്റം വരുത്തി. എന്നാൽ വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോൾ മഠത്തിപ്പറമ്പിൽ വീട് കൂടുതൽ സുന്ദരമാവുകയാണ്. മുൻവശത്ത് നീളത്തിലുള്ള വീതികുറഞ്ഞ ചെറിയ വരാന്തയും വലതു വശത്ത് ഒരു മുറിയും കാർ പോച്ചും മുൻവശത്തെ ഓട് കാണാത്ത വിധം വാർത്തിട്ടുമുണ്ട്. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും കർഷകനായ ജോർജ് കുട്ടിയുടെ വീടിന്റെ ചുറ്റിലും ഇപ്പോഴും വാഴയും കപ്പയും മറ്റ് കാർഷിക വിളകളും ജമന്തി, മുല്ല, റോസ, സൂര്യകാന്തി എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പൂക്കളും സുലഭമായി വളർന്നിട്ടുമുണ്ട്.
ഷൂട്ടിംഗ് ഓർമകൾ
അപ്രതീക്ഷിതമായി മെഗാ ഹിറ്റായ സിനിമയുടെ വിജയം പോലെ സിനിമ തങ്ങളിലേക്ക് എത്തിയ കാര്യങ്ങൾ ഓർക്കുകയാണ് വഴിത്തലയിലുള്ള മഠത്തിപ്പറമ്പിൽ എം.ജെ ജോസഫ് ചേട്ടനും ഭാര്യ ഷേർളി ചേച്ചിയും. ദൃശ്യം ആദ്യഭാഗ ഷൂട്ടിങ്ങിന്റെ സമയത്ത് ജോർജ് കുട്ടിയുടെ വീടിന് വേണ്ടി സംവിധായകനും മറ്റും ഏറെ അലഞ്ഞിരുന്നു. ചുറ്റിലും നാടൻ കൃഷിയും പച്ചപ്പും നിറഞ്ഞ കർഷകന്റെ വീടായിരുന്നു അന്വേഷിച്ചിരുന്നത്. പക്ഷേ, മനസിൽ പ്ലാൻ ചെയ്ത വീട് സംവിധായകന് കണ്ടെത്താൻ കഴിഞ്ഞില്ല. ലൊക്കേഷൻ മാനേജരായ ദാസ് തൊടുപുഴയാണ് വഴിത്തലയിലുള്ള വീട് സംവിധായകൻ ജിത്തു ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ആ ദിവസങ്ങൾ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങൾ ആയിരുന്നെന്ന് ജോസഫ് ചേട്ടനും ഷേർളി ചേച്ചിയും പറഞ്ഞു. ദൃശ്യം ആദ്യഭാഗവും പാപനാശവും ഷൂട്ടിങ്ങ് നടന്നപ്പോൾ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അവരിൽ നിന്നുണ്ടായില്ല. വഴിയിലൂടെ വാഹനങ്ങളിലും മറ്റും പോകുന്നവർ വീടിന്റെ മുന്നിൽ എത്തിയിട്ട് ലാലേട്ടനും കമലഹാസനും വന്ന വീടാണ്, ദൃശ്യം ഷൂട്ട് ചെയ്ത വീടാണ്... എന്നെല്ലാം പറയുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നും. ഷൂട്ടിംഗ് സമയത്ത് ഇവിടെ പറമ്പിൽ നട്ട് വളർത്തിയ കപ്പയും ചേനയും കാച്ചിലും ചമന്തി കൂട്ടി മോഹൻലാൽ ആസ്വദിച്ച് കഴിച്ചിരുന്ന കാര്യങ്ങളും ഏറെ സന്തോഷത്തോടെ ഓർമ്മിക്കുന്നു.