തൊടുപുഴ: നഗരമദ്ധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തീയുയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഒമ്പതോടെ തൊടുപുഴ കോതായിക്കുന്ന്- ബൈപാസ് റോഡിൽ കദളിക്കാട് കൊല്ലമലയിൽ ജാൻസി സോമന്റെ കാറിന്റെ മുൻ ഭാഗത്തു നിന്നാണ് തീയും പുകയുമുയർന്നത്. യാത്രക്കാർ ഉടൻ തന്നെ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങി ഒഴിച്ചെങ്കിലും പുക ശമിക്കാതെ വന്നതിനെ തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി വെള്ളം പമ്പു ചെയ്തതോടെ തീയും പുകയും പുക ശമിച്ചു. താമസിച്ചിരുന്നെങ്കിൽ കാർ കത്തി നശിക്കുമായിരുന്നെന്നും ഷോർട്ട് സർക്യൂട്ടാണ് വാഹനം പുകയാൻ ഇടയാക്കിയതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.