തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരിധിക്കപ്പുറം ഉയർന്നെങ്കിലും വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞത് കാരണം ബ്ലൂഅലേർട്ട് പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി. വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രവചനം ഇല്ലാത്ത സാഹചര്യത്തിൽ ഒരു രാത്രി കൂടി കാക്കാൻ വൈദ്യുതി ബോർഡ് തീരുമാനിക്കുകയായിരുന്നു. 2388.18 അടിയാണ് ഇന്നലെ വൈകിട്ട് നാല് മണിക്ക് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 87.58 ശതമാനമാണിത്. 83.01 ശതമാനമാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കാവുന്ന വെള്ളം. 9.4 മി.മീ. മഴയാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം ഉയർത്തി അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. 5.213 ദശലക്ഷം യൂണിറ്റായിരുന്നു മൂലമറ്റത്തെ ഇന്നലത്തെ ഉത്പ്പാദനം. 1814.112 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്. ബ്ലൂ അലർട്ട്, റെഡ് അലർട്ട് ലെവലുകൾ തമ്മിൽ ഏഴ് അടിയുടെ വ്യത്യാസമുള്ളതിനാൽ അലർട്ട് പ്രഖ്യാപനം അൽപം വൈകിയാലും പ്രശ്നമില്ലെന്നാണ് ഇടുക്കി ഡാം റിസർച്ച് ഡിവിഷന്റെ വിലയിരുത്തൽ. അലർട്ട് പ്രഖ്യാപിച്ച് ജനങ്ങളെ ഭയപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലും അടുത്ത രണ്ടാഴ്ച സാധാരണ മഴ മാത്രമാണുള്ളത്. ഇതിനൊപ്പം ഓരോ ദിവസവും അലർട്ട് ലെവലിൽ മാറ്റം വരുന്നുണ്ട്. 19.223 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തി. ഡാം റിസർച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ബ്ലൂ അലർട്ട് നൽകിയാൽ ചെറുതോണിയിൽ കൺട്രോൾ റൂം തുറക്കും.
ജലനിരപ്പിന്റെ കണക്ക്
നിലവിലെ ജലനിരപ്പ്- 2388.18 അടി
ബ്ലൂ അലേർട്ട്- 2388.17
ഓറഞ്ച് അലേർട്ട്- 2394.17
റെഡ് അലേർട്ട്- 2396.17
പരമാവധി സംഭരണശേഷി- 2403