മൂന്നാർ: പശുവിനെ കൊന്ന പുള്ളിപ്പുലിയെ കെണിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ എസ്റ്റേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നൈമക്കാട് എസ്റ്റേറ്റിലും പ്രതിയുടെ വീട്ടിലുമായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ എട്ടിനാണ് കന്നിമല ലോയർ ഡിവിഷനിലെ തെയിലക്കാടുകൾക്ക് സമീപം പുള്ളിപ്പുലിയെ കെണിയിൽ കുടുങ്ങി ചത്തനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ എ. കുമാർ (34) വനംവകുപ്പ് അറസ്റ്റ് ചെയ്തു. തന്റെ വീട്ടിലെ പശുവിനെ ഒന്നരവർഷം മുമ്പ് പുലി ആക്രമിച്ച് കൊന്നിരുന്നു. സങ്കടം സഹിക്കാതെ വന്നതോടെ മുരുകൻ പുലിയെ വകവരുത്താൻ തീരുമാനിച്ചു. എന്നാൽ എങ്ങിനെ വകവരുത്തുമെന്ന് അറിയില്ലായിരുന്നു. തുടർന്ന് സിനിമകളിൽ നിന്ന് വന്യമൃഗങ്ങളെ വേട്ടയാടുന്നതെങ്ങിനെയെന്ന് മനസിലാക്കി പ്രതി നൂൽകമ്പികൊണ്ട് കെണിയുണ്ടാക്കി സ്ഥാപിച്ചത്. മാസങ്ങൾക്ക് ശേഷമാണ് പുലി കെണിയിൽ വീണത്. തെളിവെടുപ്പ് പൂർത്തിയാക്കി തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. മൂന്നാർ റേഞ്ച് ആഫീസർ ഹരീന്ദ്രകുമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു.