തൊടുപുഴ: വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമ്പോൾ കുറച്ച് സഞ്ചാരികളുടെ വിനോദം മാത്രമല്ല ഇല്ലാതാകുന്നത്, ഒരു പിടി പാവം മനുഷ്യരുടെ ജീവിതം കൂടിയാണ്. ഇത് മേരിയും മറിയക്കുട്ടിയും. വർഷങ്ങളായി തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രത്തിൽ രണ്ട് കൊച്ചുകടകൾ നടത്തി ജീവിക്കുന്നവരാണിവർ. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ അന്യജില്ലകളിൽ നിന്നടക്കമെത്തുന്ന സഞ്ചാരികൾക്ക് വെള്ളവും മറ്റ് അവശ്യസാധനങ്ങളും വിറ്റ് ഉപജീവനം നടത്തിയിരുന്നവരാണിവർ. വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ഇടിത്തീ പോലെ കൊവിഡ് എത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ട് ആറുമാസത്തിലേറെയായി. മാർച്ച് പത്തിന് അടച്ച തൊമ്മൻകുത്ത് ഇതുവരെ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടില്ല. ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും രോഗവ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് തത്കാലം തുറക്കേണ്ടെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇവരുടെ പ്രതീക്ഷയും തത്കാലികമായി അസ്തമിച്ചു. മറിയക്കുട്ടിയുടെ കുടുംബം നോക്കാൻ മക്കളെങ്കിലുമുണ്ട്. എന്നാൽ മേരിയാകട്ടെ ഒറ്റയ്ക്കാണ് താമസം. ഇത്രനാളും അടച്ചുപൂട്ടികിടന്നതിനാൽ കടയിലെ സാധനങ്ങളെല്ലാം നശിച്ചുപോയതായി ഇവർ പറഞ്ഞു. പതിനായിരങ്ങളാണ് നഷ്ടം. ഇനി കട തുറന്നാൽ തന്നെ സാധനങ്ങൾ വാങ്ങാൻ പണമില്ല. സർക്കാർ നൽകുന്ന ക്ഷേമപെൻഷനും കിറ്റും സൗജന്യ റേഷനും മാത്രമാണ് ഏകെ ആശ്വാസം. ഇവിടെ ഡി.ടി.പി.സിയുടെയടക്കം നാല് കടകളാണ് ഉണ്ടായിരുന്നത്. വയസായ ഗൗരിയെന്ന സ്ത്രീയാണ് മറ്റൊരു കട നടത്തുന്നത്. ഇവരുടെ മാത്രമല്ല, ഈ വിനോദസഞ്ചാരകേന്ദ്രത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ഗൈഡുകളും വനസംരക്ഷണസമിതി അംഗങ്ങളും ഉപജീവനമാർഗമില്ലാതെ ദുരിതത്തിലാണ്. പലരും ദിവസവേതനത്തിൽ മറ്റ് പണികളെ ആശ്രയിക്കുന്നുമുണ്ട്. ഇവർക്ക് താത്കാലിക ആശ്വാസമായി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി.എഫ്.ഒ.യ്ക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. വനസംരക്ഷണസമിതി അംഗങ്ങൾക്ക് ഇക്കോഷോപ്പ് നടത്തി കിട്ടിയ ലാഭവിഹിതത്തിൽ നിന്ന് ധനസഹായം അനുവദിക്കണമെന്നതാണ് സമിതി അംഗങ്ങളുടെ ആവശ്യം. ജനങ്ങളുടെ ആശങ്ക അകറ്റിയേ തുറക്കുകയുള്ളൂവെന്നും ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഡി.എഫ്.ഒ.യാണ് തീരുമാനം എടുക്കേണ്ടതെന്നും വനംവകുപ്പ് അധികൃതരും പറയുന്നു.
വന്നിരുന്നത് ആയിരങ്ങൾ
ലോക്ക്ഡൗണിന് മുമ്പ് ഞായറാഴ്ചകളിൽ ആയിരത്തിലേറെ പേർ എത്തിയിരുന്ന വിനോദസഞ്ചാരകേന്ദ്രമാണ് തൊമ്മൻകുത്ത്. ഇപ്പോൾ വനംവകുപ്പിന്റെ അനുമതിയില്ലാതെ വളരെകുറച്ച് പേർ സ്വന്തം നിലയിൽ ഇവിടെ വന്നുപോകുന്നുണ്ട്. ഇവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ സൗകര്യമില്ല.