ഇടുക്കി: ജില്ലാ ആസ്ഥാനമായ പൈനാവിലേയ്ക്ക് മാറി പ്രവർത്തനമാരംഭിച്ച ജില്ലാ ഫിഷറീസ് കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനായി നിർവ്വഹിക്കും. പൈനാവിലെ ഫിഷറീസ് കാര്യാലയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥി ആയിരിക്കും. റോഷി അഗസ്റ്റിൻ എം എൽ എ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ് ഡയറക്ടർ സി.എ.ലത റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സെലിൻ, കെ എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി.വി.വർഗീസ്, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
1986 ൽ പ്രവർത്തനമാരംഭിച്ച ജില്ല ഫിഷറീസ് ഓഫീസ് കാര്യാലയം കുമളിയിൽ വാടക കെട്ടിടത്തിൽ പരിമിത സൗകര്യങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. മത്സ്യകർഷകരുടെയും ഉൾനാടൻ മത്സ്യതൊഴിലാളികളുടെയും പൊതുജനങ്ങളുടെയും വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് ജില്ലാ ആസ്ഥാനത്തേക്ക് കാര്യാലയം മാറ്റിയത്. പൈനാവിലെ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലാണ് കാര്യാലയം പ്രവർത്തിക്കുന്നത്.