മൂലമറ്റ: പഞ്ചായത്ത് റോഡ് പൊതുമരാമത്ത് ഏറ്റെടുത്തപ്പോൾ എല്ലാ ശരിയാകുമെന്ന് നാട്ടുകാർ കരുതി. എന്നാൽ അനുഭവം നേരെ മറിച്ചായിരുന്നു. കാഞ്ഞാർ -മണപ്പാടി - വാഗമൺ റോഡിന്റെ അവസ്ഥ ഇപ്പോൾ ഏറെ ശോച്യാവസ്ഥയിലാണ്. ഇവിടെ ടാറിംഗ് പണികൾ പൂർത്തിയാക്കണമെന്നുള്ള ആവശ്യത്തോട് അധികൃതർ മുഖം തിരിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ പഞ്ചായത്തിനും പൊതുമരാമത്തിനും എം എൽ എ, എം പി എന്നിവരടക്കമുള്ളവർക്ക് പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും നടപടികൾ ഒന്നുമായില്ല. ഓരോ ഗ്രാമസഭ യോഗങ്ങളിലും ഇത് സംബന്ധിച്ച് പരാതികൾ വ്യാപകമായി ഉയരുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് അറക്കുളം പഞ്ചായത്ത് പണി തീർത്ത കാഞ്ഞാർ -മണപ്പാടി - വാഗമൺ റോഡ് മൂന്ന് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം കാഞ്ഞാർ മുതൽ ഏതാനും ഭാഗം ടാർ ചെയ്തിരുന്നു. ബാക്കിയുള്ള ഭാഗം ടാറിങ്ങ് ഇളകി കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പും ഇവിടേക് തിരിഞ്ഞ് നോക്കുന്നില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. ടാറിംഗ് പൊളിഞ്ഞ് കുഴിയായ ഭാഗത്ത് ചെളി നിറഞ്ഞ വെള്ളം കെട്ടി വഴിയിലൂടെ നടന്നു പോകാൻ പോലും പറ്റാത്ത അസ്ഥയാണ്. ഇത് വഴി ഓട്ടം വിളിച്ചാൽ വരാൻ ഓട്ടോ ഡ്രൈവർമാർ തയ്യാറാകുന്നുമില്ല. റോഡ് കടന്ന് വരുന്ന ഭാഗത്തുള്ള രണ്ട് കലുങ്കുകളുടെ അടിഭാഗം ഇളകി അപകടാവസ്ഥയിലുമാണ്. റോഡിന്റെയും കലുങ്കിന്റെയും പണികൾ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ സംഘടിച്ച് സമരപരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്.