29,30, ഒക്ടോബർ 1 തിയതികളിൽ

പഞ്ചായത്തിലെ മുഴുവൻ കടകളും അടച്ചിടും

കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്തിൽ കൊറോണ രോഗികൾ വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ജില്ലയിൽ മറ്റിടങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കൂടിയിരുന്ന സാഹചര്യത്തിലും കുടയത്തൂർ പഞ്ചായത്ത് സേയ്ഫ് സോണായിരുന്നു.എന്നാൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 23 കൊറോണ കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്.നിലവിൽ15 കൊറോണ രോഗികളാണ് ചികിത്സയിലുള്ളത്.ഇവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 12 ദിവസങ്ങളായി കാഞ്ഞാർ പാലം മുതൽ കുടയത്തൂർ കൂര വളവ് വരെയുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ അടഞ്ഞ് കിടക്കുകയാണ്.ഇന്നലെ മുതൽ കുടയത്തൂർ ബാങ്ക് ജങ്ഷൻ വരെ കണ്ടയ്മെൻറ് സോണിന്റെ പരിധി ദീർഘിപ്പിച്ചു.ഗൗരവം മനസിലാക്കി ഈ മാസം 29,30, ഒക്ടോബർ 1 തിയതികളിൽ പഞ്ചായത്തിലെ മുഴുവൻ കടകളും അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയത്തൂർ യൂണിറ്റ് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ജാഗ്രത കുറവാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെ കൊറോണ മാനദണ്ഡങ്ങൾ പലരും പാലിച്ചില്ല എന്ന ആക്ഷേപമുണ്ട്. മുഖാവരണം പോലും വേണ്ട വിധം ധരിക്കാതെയാണ് പലരും പൊതു ഇടങ്ങളിൽ ഇടപെട്ടത്. കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യ വകുപ്പും ആശങ്കയോടെയാണ് കാണുന്നത്.