cow

തൊടുപുഴ : തൊടുപുഴ മുനിസിപ്പാലിറ്റിയുടെ പച്ചക്കറി മാർക്കറ്റിലെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രമായ ബയോഗ്യാസ് പ്ലാന്റിൽ അധികമാരുമറിയാത്ത അതിഥികളുണ്ട്; ലക്ഷ്മി എന്ന പശുക്കിടാവും പത്ത് താറാവുകളും. ഇവരും നഗരസഭയുടെ മാലിന്യ പരിപാലനത്തിലെ സജീവ പങ്കാളികളാണ്. ലക്ഷ്മി എന്ന പശുക്കിടാവിന്റെ റോൾ വളരെ വലുതാണ്. പച്ചക്കറി മാർക്കറ്റിന്റെ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുന്ന പഴം ,പച്ചക്കറികൾ തുടങ്ങിയവയെ വളമാക്കി മാറ്റാനുള്ള 'ഇനോക്കുലം' ലക്ഷ്മിയുടെ ചാണകമാണ്.
പ്ലാന്റിലേയ്ക്കാവശ്യമായ ചാണകപ്പൊടി കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് സ്വന്തമായി പശുവിനെ വളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കോൺട്രാക്ടർ എൻ പി ബൈജുവിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് രണ്ടുമാസം പ്രായമുള്ളപ്പോൾ തട്ടക്കുഴയിൽ നിന്നും ലക്ഷ്മിയെ വാങ്ങി ഇവിടെയെത്തിച്ചത്. അന്നുമുതൽ ഇന്നുവരെ പ്ലാന്റിലേയ്ക്കുള്ള ചാണകം ലക്ഷ്മിയുടെ സംഭാവനയാണ്. പ്ലാന്റിൽ ഇവൾക്കായി തൊഴുത്തുണ്ട്. ഭക്ഷണത്തിനായി ഒരു സെന്റിൽ തീറ്റപ്പുൽക്കൃഷിയുണ്ട്.മാർക്കറ്റിൽ നിന്നും പ്ലാന്റിലെത്തിക്കുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കുന്ന ശീലവും ലക്ഷ്മിക്കുണ്ട്.
പ്ലാന്റിന്റെ വെള്ളത്തിന്റെ ആവശ്യത്തിനായി ചെറിയൊരു പടുതാക്കുളം നിർമ്മിക്കുകയായിരുന്നു പിന്നീട് ബൈജു ചെയ്തത്. അതിൽ ലക്ഷ്മിക്ക് കൂട്ടുകാരായി പത്ത് താറാവുകളെത്തി. ഇവരെയൊക്കെ നോക്കുന്നതിനായി ഒരാളെയും നിയോഗിച്ചു.പ്ലാന്റിരിക്കുന്ന പത്ത് സെന്റോളം വരുന്ന സ്ഥലത്ത് വിവിധയിനം വാഴകൾ,പച്ചക്കറികൾ എന്നിവയെല്ലാം സമൃദ്ധമായി വളർത്തുന്നു. പ്ലാന്റിൽ നിന്നും ലഭിക്കുന്ന സ്ലറി നല്ല വളമാണ്. ഇതുപയോഗിച്ചാണ് ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്.
അവിടെ നിന്നുമുള്ള ഉൽപ്പന്നങ്ങൾ കുടുംബശ്രീ യൂണിറ്റുകൾക്കും മാർക്കറ്റിലെ തന്നെ വ്യാപാരികൾക്കുമാണ് നൽകുന്നതെന്ന് ബൈജു പറഞ്ഞു.
ഇപ്പോൾ പ്ലാന്റിരിക്കുന്നയിടം മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു മുമ്പ്. ഇവിടം വൃത്തിയാക്കി 2018ലാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ബൈജു കരാറെടുക്കുന്നത്.മുനിസിപ്പൽ അധികൃതരുമായി ചേർന്ന് ഈ പ്ലാന്റിനെ മാതൃകാ സ്ഥാപനമാക്കാനാണ് ആഗ്രഹമെന്ന് ബൈജു പറഞ്ഞു.

24 മണിക്കൂറും

പാചകവാതകം


പച്ചക്കറികളും പഴങ്ങളുമൾപ്പടെ ആയിരം കിലോ നിക്ഷേപിക്കാവുന്നതാണ് മുനിസിപ്പാലിറ്റിയുടെ ബയോഗ്യാസ് പ്ലാന്റ്. പഴങ്ങളും പച്ചക്കറികളും അരച്ചെടുക്കുന്നതിനായി മെഷീനും ടാങ്കുമാണ് പ്ലാന്റിനുള്ളത്.മെഷീനിൽ നിന്നും ഊറിവരുന്ന ചാറാണ് ബയോഗ്യാസിന്റെ പ്രധാന ഊർജ്ജ ഉറവിടം. പ്ലാന്റിൽ നിന്നും 24 മണിക്കൂറും ഉപയോഗിക്കാനാവശ്യമായ പാചകവാതകം ലഭിക്കുന്നുണ്ട്.ഇത് ഫലപ്രദമായി വിനിയോഗിക്കുന്നതിന് സംവിധാനമൊരുക്കണമെന്ന് ചൂണ്ടിക്കാട്ടി ബൈജു ഹരിതകേരളം മുഖേന മുനിസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസിന് കത്ത് നൽകിയിട്ടുണ്ട്.
പ്ലാന്റിന്റെ കെട്ടിടത്തിൽ ബയോഗ്യാസ് ഉപയോഗിച്ച് ഡ്രയറോ മറ്റോ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ചെയർപേഴ്സൺ സിസിലി ജോസ് പറഞ്ഞു.