ഇടുക്കി:മത്സ്യകൃഷി രംഗത്ത് അനന്ത സാദ്ധ്യതകളാണ് ഇടുക്കി യിലുള്ളതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പൈനാവിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ച ജില്ലാ ഫിഷറീസ് കാര്യാലയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യകൃഷിയിൽ ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് തൊഴിൽ നേടാൻ സഹായമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. വൈദ്യുതി ബോർഡിന്റെ സഹായത്തോടെ ജില്ലയിൽ ഉടൻ ഹാച്ചറി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജല സംഭരണികളിലടക്കം മത്സ്യ കൃഷിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മത്സ്യ ഉല്പ്പാദനം പരമാവധി വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.
പൈനാവിലെ ഫിഷറീസ് കാര്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം. എം. മണി അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മികച്ച ഇടപെടൽ നടത്തി കൃഷിക്കാരെ സജ്ജമാക്കി ഉൾനാടൻ മത്സ്യകൃഷി വികസിപ്പിക്കുന്നതിലൂടെ ജില്ലയിലെ ജനങ്ങൾക്കാവശ്യമായ മത്സ്യം ഇവിടെ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് ഡയറക്ടർ സി.എ ലത റിപ്പോർട്ട് അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തംഗം പ്രഭാ തങ്കച്ചൻ, വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികളായ പി.ബി സബീഷ്, പി.കെ ജയൻ, സി.എം അസീസ് , സിജി ചാക്കോ, മത്സ്യ കർഷക പ്രതിനിധി കുര്യാക്കോസ് റ്റി.റ്റി, ഫിഷറീസ് മധ്യമേഖല ജോയിന്റ് ഡയറക്ടർ സാജു എം.എസ്, ജില്ലാ ഫിഷറീസ് അസി. ഡയറക്ടർ ഡോ. ജോയിസ് എബ്രഹാം, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സേവനങ്ങൾ ഇവയൊക്കെ
ജില്ലയിലെ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, അനുബന്ധ തൊഴിലാളികൾ എന്നിവരുടെ ക്ഷേമ പ്രവർത്തനങ്ങൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുളള വിദ്യാഭ്യാസാനുകൂല്യങ്ങൾ തുടങ്ങിയവ ഫിഷറീസ് കാര്യാലയം വഴിയായിരിക്കും. മത്സ്യകൃഷി പ്രോത്സാഹന പദ്ധതികൾ, മത്സ്യകൃഷി ഫാമുകളുടെ രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങൾ നിർവഹിക്കുന്ന മത്സ്യകർഷക വികസന ഏജൻസി, കൂടാതെ പുതുതായി ജില്ലക്ക് അനുവദിച്ച ഇടുക്കി മത്സ്യഭവനും പ്രവർത്തിക്കുന്നതും ഇതേ കാര്യാലയത്തിലാണ്.