amala
എം. ജി സർവ്വകലാശാല ബി എസ് സി ഗണിത ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ അമല ബാബുവിന് മന്ത്രി എം.എം.മണി പുരസ്‌കാരം നൽകുന്നു

ഇടുക്കി:എം. ജി സർവ്വകലാശാലയിൽ നിന്നും വിവിധ വിഷയങ്ങൾക്ക് റാങ്ക് കരസ്ഥമാക്കിയ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നൽകിയ അനുമോദന ചടങ്ങ് 'പ്രതിഭാ സംഗമം"മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്തു . എം. ജി സർവ്വകലാശാലയുടെ ഡിഗ്രി, പി.ജി പരീക്ഷകളിൽ വിവിധ വിഷയങ്ങളിലായി ജില്ലയിൽ നിന്നുള്ള 93 പേർ ആദ്യ പത്തു റാങ്കുകൾ കരസ്ഥമാക്കിയെന്നത് അഭിമാനനേട്ടമാണെന്നും മന്ത്രി പറഞ്ഞു. ബി എസ് സി ഗണിത ശാസ്ത്രത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അമല ബാബുവിന് മന്ത്രി ആദ്യ പുരസ്‌കാരം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, എസ് ബി ഐ, ഓൺലൈൻ വാർത്താ മാധ്യമമായ ഇടുക്കി വാർത്തകൾ എന്നിവർ സംയുക്തമായാണ് പ്രതിഭാസംഗമം സംഘടിപ്പിച്ചത്.

ജില്ലാ കളക്ടർ എച്ച് ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ എസ്ബിഐ റീജിയണൽ മാനേജർ മാർട്ടിൻ ജോസ്, ബ്രാഞ്ച് മാനേജർ ശ്യാംകുമാർ, അനിൽ മാനുവൽ, അനിറ്റ കുര്യൻ എന്നിവർ സംസാരിച്ചു. ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫ് സ്വാഗതവും മിനി.കെ.ജോൺ നന്ദിയും പറഞ്ഞു.