ചെറുതോണി: മണിക്കൂറുകളോളം നാടിനെ മുൾമുനയിലാക്കിയ കുട്ടികളുടെ തിരോധാനത്തിനൊടുവിൽ രാത്രിയോടെ കണ്ടെത്തി. ഇന്നലെ മൂന്ന് മണിയോടെയാണ് വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശികളായ മൂന്ന് കുട്ടികളെ കാണാതായത്. മൂന്ന് ആൺകുട്ടികളിൽ രണ്ടു പേർ സഹോദരങ്ങളാണ്. കുട്ടികളെ കാണാതായ വിവരം ലഭിച്ചതോടെ പൊലീസും നാട്ടുകാരും സംയുക്തമായി തെരച്ചിൽ നടത്തി. തോട്, പുഴ, ആൾപ്പാർപ്പില്ലാത്ത കെട്ടിടങ്ങൾ, സ്‌കൂളുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലായിരുന്നു പരിശോധന പൂർത്തിയാക്കിയത്. കുട്ടികളെ നേരിട്ട് അറിയാത്തവർ പോലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിലിന് മുന്നിട്ടിറങ്ങി . രാത്രി 9 മണിയോടുകൂടി വാഴത്തോപ്പ് ചെട്ടിമാട്ടെൽ കവലയ്ക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ നിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ഇവർക്ക് അകമ്പടിയായി നൂറുകണക്കിന് ആളുകളാണ് ഇടുക്കി പൊലീസ് സ്റ്റേഷനിൽ രാത്രിയോടെ എത്തിയത്. ഇവർ വീടുവിട്ടു പോകാൻ ഉണ്ടായ സാഹചര്യം മറ്റും പൊലീസ് പരിശോധിച്ച് വരികയാണ്.