തൊടുപുഴ : ഇടതുപക്ഷ സർക്കാരിന്റെ രാജി അനിവാര്യമായി തീർന്നിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ പൗലോസ് പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സി.ബി.ഐ ഉൾപ്പെടെ10 ഓളം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ നേരിടുന്നത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ ഉപവാസസമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോണി തോമസിന് കരിക്കിൻ വെള്ളം നൽകിയാണ് ഉപവാസസമരം അവസാനിപ്പിച്ചത്.സമരത്തിന് സി.എം.പി, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ,എൻ.ജി.ഒ അസോസിയേഷൻ, യൂത്ത് കോൺഗ്രസ്സ്,ജവഹർ ബാലമഞ്ച്,മഹിളാ കോൺഗ്രസ്സ്,യൂത്ത് ലീഗ്,എം.എസ്.എഫ്,കെ.എസ്.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യങ്ങളർപ്പിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു.