അടിമാലി: വ്യാജമദ്യം കഴിച്ച് ട്രാവൽ ഏജന്റും ഹോംസ്റ്റേ ഉടമയുമടക്കം മൂന്നു പേർ ആശുപത്രിയിലായി. ഹോംസ്റ്റേ മിസ്റ്റിഹോം ഉടമ ഉറുമ്പക്കൽ തങ്കപ്പൻ (70) സഹായി കണ്ണൂർ സ്വദേശി ജോബി (30), ട്രാവൽ ഏജന്റ് ചാലക്കുടി സ്വദേശി മനോജ് (35) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.സംഭവം സംബന്ധിച്ച് പൊലിസ് പറയുന്നതിങ്ങനെ.ചിത്തിരപുരത്തെ റിസോർട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച ചാലക്കുടി സ്വദേശി ട്രാവൽ ഏജന്റായ മനോജും കുടുംബവും എത്തി. അവിടെ വെച്ച് തന്റെ കയ്യിലുള്ള വ്യാജമദ്യം മിസ്റ്റി ഹോം സ്റ്റേ ഉടമ തങ്കപ്പനെ വിളിച്ചുവരുത്തി ഇരുവരും കഴിച്ചു. തുടർന്ന് ഹോം സ്റ്റേയിൽ ശനിയാഴ്ച എത്തി തങ്കപ്പന്റെ സഹായിയും ചേർന്ന് വ്യാജമദ്യത്തിൽ അരിഷ്ടം പോലുള്ള എന്തോ കൂട്ടി കലർത്തി മൂവരും ചേർന്ന് മദ്യപിച്ചു. അപ്പോൾ തങ്കപ്പന്റെ സഹോദരൻ ഷൈനു (49) എത്തിയെങ്കിലും .കയ്പ് അനുഭവപ്പെട്ടതിനാൽ ഷൈനു മദ്യം കഴിച്ചില്ല.ശനിയാഴ്ച അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തങ്കപ്പനെയും സഹായി ജോബിയേയും പ്രവേശിച്ചു. ഇരുവരുടെയും നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച കോലൻഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മനോജിനെ ശനിയാഴ്ച്ച അങ്കമാലി അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജോബിയുടെയും മനോജിന്റെയും നില ഗുരുതരമായി തുടരുകയാണെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു.ഇത് സംബന്ധിച്ച് തങ്കപ്പന്റെ സഹോദരൻ ഷൈനു നൽകിയ പരാതിയെ തുടർന്ന് വെള്ളത്തൂവൽ സി.ഐ ആർ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.