ശനിയാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദേവികുളം: സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ദേവികുളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു. 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച അടിമാലി ഗവ. ഹൈസ്‌കൂൾ, 1 കോടി പ്ലാൻ ഫണ്ടിൽ പണി പൂർത്തീകരിച്ച ഗവ. എച്ച്.എസ്.എസ്. ചെണ്ടുവരൈ, ജി.യു.പി.എസ് തോക്കുപാറ, ജി.വി.എച്ച്.എസ്.എസ് മൂന്നാർ, 1.75 കോടി നബാർഡ് ഫണ്ട് ഉപയോഗിച്ച് പണി കഴിപ്പിച്ച ജി.വി.എച്ച്.എസ്.എസ് ദേവിയാർകോളനി എന്നിവിടങ്ങളിലെ ഹൈടെക് മന്ദിരങ്ങൾ ശനിയാഴ്ച്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി എം.എം. മണി, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എസ് രാജേന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കളക്ടർ എച്ച്. ദിനേശൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്ത് കിഫ്ബിയുടെ അഞ്ചുകോടി വീതം ധനസഹായം പ്രയോജനപ്പെടുത്തി 56 വിദ്യാലയങ്ങളും 3 കോടി വീതം രൂപ ചെലവഴിച്ച് 15 വിദ്യാലയങ്ങളും പ്ലാൻ സ്‌കീമിലെ 41 വിദ്യാലയങ്ങളും ഇതിനോടകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

നാലുവർഷം

80 കോടി

അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിന്റെ ഭാഗമായി ജില്ലയിലാകെ കിഫ്ബി മുഖേന ചെലവഴിച്ച 5 കോടി രൂപയുടെ 5 സ്‌കൂളുകളും, 3 കോടി രൂപയുടെ 4 സ്‌കൂളുകളും, 1 കോടി രൂപയുടെ 12 സ്‌കൂളുകളും നബാർഡ്, പ്ലാൻ ഫണ്ടുകളിലായി 26 വിദ്യാലയങ്ങളിലുമാണ് പുതിയ ഹൈടെക് മന്ദിരങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലു വർഷങ്ങളിലായി 80 കോടി രൂപയുടെ പ്രവർത്തികളാണ് ഗവൺമെന്റ് സ്‌കൂളുകളിലായി മാത്രം ജില്ലയിൽ ചെലവഴിച്ചത്.