ചക്കുപള്ളം: ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിൽ ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വനം മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷത വഹിക്കും. പദ്ധതിയുടെ ചക്കുപള്ളം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഇതേ സമയം അണക്കര സാന്തോം പാരീഷ് ഹാളിൽ ഇ.എസ് ബിജിമോൾ എം.എൽ.എ നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജു അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ജിജാ സി കൃഷ്ണൻ പദ്ധതി വിശദീകരിക്കും. ക്വാളിറ്റി കൺട്രോൾ ഓഫീസർ ജോർജ്ജ് എം.എൽ സ്വാഗതവും അസി. ഡയറക്ടർ ട്രീസാ തോമസ് നന്ദിയും പറയും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.