പീരുമേട്: അംബ്ദേക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ പീരുമേട് മണ്ഡലത്തിലെ മൂങ്കിലാർ, ലാഡ്രം പത്മാപുരം പട്ടികജാതി സങ്കേതങ്ങളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി എ കെ ബാലൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഇ എസ് ബിജിമോൾ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം ഘട്ടത്തിൽ ഏറ്റവും അത്യാവശ്യമായ പദ്ധതികളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. ത്രിതല പഞ്ചായത്തംഗങ്ങളുടെ ഫലപ്രദമായ ഇടപെടൽ പദ്ധതികൾ കൃത്യമായി പൂർത്തീകരിക്കാൻ സഹായകരമായി. വിവിധ മേഖലകളിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ സമഗ്രമായ ഇടപെടൽ നടത്തുന്നുണ്ട്.അഡ്വ.ഡീൻ കുര്യാക്കോസ് എം. പി മുഖ്യ പ്രഭാഷണം നടത്തി.

ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി ഇ എസ് ബിജിമോൾ എം എൽ എ ശിലാഫലകം അനാശ്ചാദനം ചെയ്തതിനൊപ്പം നിർമ്മാണം പൂർത്തീകരിച്ച മൂങ്കിലാർ കമ്മ്യൂണിറ്റി ഹാളും അറുപതടിപ്പാലം വി ജി എം എസ് റോഡും നാട മുറിച്ച് നാടിന് സമർപ്പിച്ചു. മൂങ്കിലാർ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പ്രാദേശിക യോഗത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രവീണ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിജയകുമാരി ഉദയസൂര്യൻ, മോളി ഡൊമിനിക്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ,

ജില്ലാ നിർമ്മിതി കേന്ദ്ര പ്രൊജക്ട് എഞ്ചിനിയർ ബിജു എസ്, അഴുത ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ ബാബു പി ബി തുടങ്ങിയവർ പങ്കെടുത്തു.

ഓരോ കോടിയുടെ വികസനം

വണ്ടിപ്പെരിയാർ മൂങ്കിലാർ, പീരുമേട് ലാഡ്രം പത്മാപുരം പട്ടികജാതി കോളനികളിലായി ഓരോ കോടി രൂപയുടെ വീതം വികസന പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. റോഡുകൾ, ഡ്രെയ്‌നേജ്, കമ്യൂണിറ്റി ഹാൾ, നടപ്പാത, സോളാർ ലൈറ്റുകൾ തുടങ്ങിയവ കോളനികളിൽ പൂർത്തീകരിച്ചു. ജില്ലാ നിർമ്മിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് പണി പൂർത്തീകരിച്ചത്.