തൊടുപുഴ: ഉരുൾപൊട്ടലിൽ തകർന്ന കൊന്നത്തടി പാറത്തോട് സെന്റ് ജോർജ് ഹൈസ്‌കൂളിലേക്കുള്ള റോഡ് പുനർനിർമ്മിക്കാൻ ജില്ലാ കളക്ടർ മുൻകൈയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ആവശ്യമെങ്കിൽ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ സഹായം നേടണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ ഒക്ടോബർ 31 നകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേവലം കത്തിടപാടുകൾ നടത്തിയതല്ലാതെ റോഡ് പുനർനിർമ്മിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ ഫലപ്രദമായ ഒരു നടപടിയും ഒരു അധികാരിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പരാതി നിസാരമായി തള്ളികളയാനാവില്ലെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാർത്ഥിനി പാർവതി ബായ് സമർപ്പിച്ച പരാതിയിലാണ് നടപടി.
2018 ലെ ഉരുൾപൊട്ടലിലാണ് റോഡ് തകർന്നത്. 25 മീറ്റർ ആഴത്തിലും 20 മീറ്റർ നീളത്തിലും റോഡ് ഒലിച്ചുപോയതിനെ തുടർന്ന് തടികൾ കൊണ്ടുണ്ടാക്കിയ പാലത്തിലൂടെയാണ് കുട്ടികളും നാട്ടുകാരും സഞ്ചരിക്കുന്നത്.
കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. റോഡ് പുനർനിർമ്മിക്കാൻ 41,00,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഫണ്ടിന് അപര്യാപ്തതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തുടർന്ന് അനുമതി ആവശ്യപ്പെട്ട് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിക്ക് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ദുരന്ത പ്രതികരണ നിധിയിൽ നിന്നും ഇത്തരം പ്രവൃത്തികൾ ചെയ്യാനാവില്ല. ഇക്കാര്യം കളക്ടറെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഫണ്ട് കണ്ടെത്താമെന്നും ഇല്ലെങ്കിൽ റീബിൽഡ് കേരള വഴി പ്രവ്യത്തി നടപ്പിലാക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.