life

തൊടുപുഴ: ലൈഫ് ഭവന പദ്ധതി പ്രകാരം മുട്ടം പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനം നടത്തി. മലങ്കര ജലാശയത്തിന്റെ ക്യാച്ച് മെന്റ് ഏരിയായിൽ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് വീടുകളുടെ താക്കോൽ ദാനമാണ് നടത്തിയത് . ക്യാച്ച്മെന്റ് ഏരിയായിൽ 13 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. മലങ്കര ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഇവിടെ താമസിക്കുന്ന 13 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കുന്നതിനായി എം.വി.ഐ.പി. വക 39 സെന്റ് ഭൂമി കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് അനുവദിച്ചിരുന്നു. ഇവിടെ ലൈഫ് മിഷൻ ഫണ്ട് ഉപയോഗിച്ച് ആദ്യ ഘട്ടത്തിൽ അഞ്ചു വീടുകളാണ് പണിതത്. നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനം മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവ്വഹിച്ചു.കറണ്ട് കണക്ഷൻ, കുടിവെള്ളത്തിനുള്ള കുഴൽക്കിണർ സ്ഥാപിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മറ്റ് എട്ട് വീടുകൾ പണിയുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീലാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ റെൻസി സുനീഷ്, സതീഷ് പി.എസ്, ഷൈജ ജോമോൻ, ബീന ജോർജ് ,ബിജോയ് ജോൺ, ബൈജു കുര്യൻ വീടിന്റെ ഗുണഭോക്താക്കൾ എന്നിവരും പങ്കെടുത്തു.

വർഷങ്ങളുടെ കാത്തിരിപ്പ് സഫലമായി

മലങ്കര അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തൊഴിലാളികൾക്ക് സ്ഥലവും വീടും നൽകാമെന്ന് അന്നത്തെ സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ മാറിമാറി വന്ന സർക്കാരുകളുടെ അനാസ്ഥയിൽ തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞില്ല. ഇതിനിടയിൽ തൊഴിലാളികളിൽ ഭൂരിഭാഗവും ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റി. പിന്നീട് 13 കുടുംബങ്ങൾ മാത്രമായി അവശേഷിച്ചു. കഴിഞ്ഞ സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്ന പി ജെ ജോസഫിന്റെ പ്രത്യേക താല്പര്യ പ്രകാരം മലങ്കര ഹില്ലി അക്വാ ഫാക്ടറിക്ക് സമീപം സ്ഥലം അനുവദിച്ചെങ്കിലും വിവിധ കാരണങ്ങളാൽ തുടർ പ്രവർത്തികൾ ചുവപ്പ് നാടയിൽ കുരുങ്ങി. പിന്നീട് ഏറെ നാളത്തെ ശ്രമഫലമായി സ്ഥലം ഗുണഭോക്താക്കൾക്ക് വിട്ട് നൽകി. ഇതേ തുടർന്നാണ് മുട്ടം ഗ്രാമപഞ്ചായത്തിന്റെ ലൈഫ് മിഷൻ പദ്ധയിൽ ഉൾപ്പെടുത്തി വീടുകളുടെ നിർമ്മാണം നടത്തിയത്.

.