തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തൊടുപുഴ - മുട്ടം റോഡിൽ പരിശോധന നടത്തി. ഗാന്ധിജയന്തി ദിനത്തിൽ തൊടുപുഴ - മുട്ടം റൂട്ടിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. തൊടുപുഴ ഗാന്ധി സ്ക്വയർ മുതൽ മുട്ടം ടാക്സി സ്റ്റാൻഡ് വരെയുള്ള റോഡിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും മാലിന്യ മുക്തമാക്കുന്നതിനും ആവശ്യമായ നടപടികൾ പരിശോധനയിൽ നിശ്ചയിച്ചു. യാത്രക്കാരുടെ കാഴ്ച മറച്ച് റോഡരികിൽ നിൽക്കുന്ന മരങ്ങളുടെ ശാഖകൾ ഉപയോഗശൂന്യമായി റോഡരുകിൽ തള്ളിയിരിക്കുന്നു വസ്തുക്കളും വാഹനങ്ങളും സ്ലാബുകൾ ഇല്ലാത്ത ഓടകളും കലുങ്കുകളും ചെളിപിടിച്ച് വ്യക്തമല്ലാതെയുള്ള അറിയിപ്പ് ബോർഡുകൾ ബസ് സ്റ്റോപ്പുകളുടെ തെറ്റായ സ്ഥാനം നിരന്തരമായി അപകടമുണ്ടാക്കുന്ന വളവുകൾക്ക് സമീപത്തുള്ള റോഡരികിലെ വസ്തുക്കൾ ഉടമകളുടെ സഹായത്തോടെ ഒഴിവാക്കുന്നതിനായിട്ടുള്ള മാർഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾക്ക് ഉദ്യോഗസ്ഥർ രൂപരേഖ തയ്യാറാക്കി. തൊടുപുഴ പൊതുമരാമത്ത് റോഡ് വിഭാഗം ഏഎക്സി, തൊടുപുഴ ജോയിന്റ് ആർടിഒ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, തൊടുപുഴ ട്രാഫിക് പൊലീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.