pj
പി.ജെ ജോസഫ് എം.എൽ.എ യും കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസും ചേർന്ന് മുഹമ്മദ് ഗസ്നിക്ക് സ്‌പീക്കർ കൈമാറുന്നു

തൊടുപുഴ: തെരുവ് ഗായകൻ നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ മുഹമ്മദ് ഗസ്നിക്ക് കെ.എസ്.യുവിന്റെ സഹായം. വയനാട് സ്വദേശിയായ മുഹമ്മദ് ഗസ്നി കുറെ നാളുകളായി തൊടുപുഴ മേഖലയിലാണ് ക്യാമ്പ് ചെയ്യുന്നത്. കടത്തിണ്ണകളിലും വെയ്റ്റിംഗ് ഷെഡുകളിലുമൊക്കെയാണ് ഇദ്ദേഹം പതിവായി അന്തിയുറങ്ങുന്നതും. പെൻഡ്രൈവിൽ സേവ് ചെയ്തിട്ടുള്ള പാട്ടുകളുടെ കരോക്കെ ഉപയോഗിച്ചാണ് വഴിയോരങ്ങളിൽ മുഹമ്മദ് ഗസ്നിയുടെ സംഗീത വിരുന്ന്. ഒരാഴ്ചയ്ക്ക് മുൻപ് ഗസ്നി ഉപയോഗിച്ചിരുന്ന സ്‌പീക്കറും മൈക്കും ആരോ മോഷ്ടിച്ചുകൊണ്ടുപോയി.തന്റെ ജീവിതോപാധി അപഹരിക്കപ്പെട്ടതോടെ ഭക്ഷണം കഴിക്കാൻ പോലും വകയില്ലാതെ കഷ്ടത്തിലായ മുഹമ്മദ് ഗസ്നി ഏതാനും ദിവസങ്ങളായി ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ തൊടുപുഴയിലെ സുമനസുകളുടെ സഹായത്താലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ നേതൃത്വത്തിലുള്ള 24 മണിക്കൂർ ഉപവാസ സമര വേദിയിൽ നിന്നും രാത്രിയിൽ കവിതകളും ഗാനങ്ങളും ആലപിക്കുന്നത് കേട്ടുകൊണ്ട് മുഹമ്മദ് ഗസ്നി സമരവേദിയിലേക്ക് കടന്നുചെല്ലുകയും തന്റെ സങ്കടം പങ്കുവയ്ക്കുകയുമായിരുന്നു. തുടർന്നു‌ സമരവേദിയിൽ നിരവധി ഗാനങ്ങൾ ഗസ്നി ആലപിച്ചു. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ടോണി തോമസ് മുഹമ്മദ് ഗസ്നിക്ക് ആവശ്യമായ സ്പീക്കറും അനുബന്ധ സാധനങ്ങളും വാങ്ങിനൽകി.തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പി.ജെ ജോസഫ് എം.എൽ.എ യും കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസും ചേർന്ന് മുഹമ്മദ് ഗസ്നിക്ക് സ്‌പീക്കറും മറ്റും കൈമാറി.കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു..

പി.ജെ ജോസഫ് എം.എൽ.എ യും കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസും ചേർന്ന് മുഹമ്മദ് ഗസ്നിക്ക് സ്‌പീക്കർ കൈമാറുന്നു