സർക്കാർ ഉത്തരവ് ഇറങ്ങി
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം
ചെറുതോണി. ഹൈറേഞ്ചിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ കാൽപ്പാദങ്ങൾ ആദ്യം പതിഞ്ഞ വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും പട്ടയം നൽകാൻ സർക്കാർ ഉത്തരവ്. ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകൾക്കുള്ളിലെ അപേക്ഷകർക്കാണ് ഭൂമിക്കു മേലുള്ള അവകാശം പതിച്ച് കിട്ടാൻ സർക്കാർ തീരുമാനം സഹായകരമായത്. 1964 ലെ ഭൂമി പതിവ് ചട്ടമനുസരിച്ചാണ് ഇവിടെ പട്ടയം നൽകാൻ തിങ്കളാഴ്ച സർക്കാർ ഉത്തരവിറക്കിയത്. വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ള പട്ടികജാതിപട്ടികവർഗ്ഗ സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് ഉൾപ്പടെ പട്ടയം നൽകും. വനംറവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ നേരത്തെ ഉൾപ്പെടാതിരുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് കൂടി പട്ടയം ലഭിക്കും. സർക്കാർ ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് തന്നെ ഇവിടങ്ങളിൽ റീസർവ്വെ നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നാലുമാസം മുമ്പ് കരിമണ്ണൂർ ഭൂമിപതിവ് ഓഫീസിനു കീഴിൽ വരുന്ന വണ്ണപ്പുറം, കരിമണ്ണൂർ, ഉടുമ്പന്നൂർ, കുടത്തൂർ, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിൽ പട്ടയം നൽകാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ പ്രദേശങ്ങളിൽ പട്ടയം നൽകാൻ തീരുമാനിച്ച അതേ മാനദണ്ഡങ്ങൾക്കുനുസൃതമായാണ് ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിൽ കൂടി പട്ടയം നൽകാൻ ഇടുക്കി തഹസിൽദാരെ ചുമതലപ്പെടുത്തി
അവഗണനയ്ക്ക് പരിഹാരം
ഹൈറേഞ്ചിലേക്ക് ആദ്യം കുടിയേറ്റം നടന്ന വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ അയ്യായിരത്തിലധികം പേർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. തൊടുപുഴയിൽ നിന്നും ഇല്ലിചാരി, ഉടുമ്പന്നൂർ, കൈതപ്പാറ വഴിത്താരകളിലൂടെ ഇടുക്കി വനം കടന്നാണ് ആളുകൾ വാഴത്തോപ്പിലേക്കെത്തിയത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് വാഴത്തോപ്പിലെ കുടിയേറ്റ കർഷകർക്ക് ഇതുവരെയും പട്ടയം ലഭിച്ചിരുന്നില്ല.
കരിമണ്ണൂർ മേഖലയിൽ കഴിഞ്ഞ ദിവസം 1500 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുപ്പതിനായിരത്തിലധികം ഉപാധിരഹിത പട്ടയമാണ് ഇതുവരെ ഇടുക്കിയിൽ നൽകിയത്.
സർക്കാർ
വാക്ക്പാലിച്ചു
ചെറുതോണി. കുടിയേറ്റ കർഷകരെ ഹൃദയത്തോട് ചേർത്തുപിടിച്ച് ഉള്ളംകൈയ്യിൽ സംരക്ഷിക്കുന്ന പിണറായി സർക്കാരിന് കർഷക ജനതയുടെ പേരിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ്, സെക്രട്ടറി എൻ വി ബേബി എന്നിവർ പറഞ്ഞു. ആദ്യകാല കുടിയേറ്റ പ്രദേശങ്ങളായ വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും പട്ടയം നൽകാൻ ഉത്തരവിറക്കിയ ഇടതുപക്ഷ സർക്കാരിന്റെ ചരിത്ര തീരുമാനം കുടിയേറ്റ കർഷകർ ഒരു കാലത്തും മറക്കില്ല. 1950 കളിലെ വറുതിയുടെ നാളുകളിൽ ഭക്ഷ്യോത്പ്പാദനത്തിനും ജീവിതത്തിനുമായി മല കയറിയെത്തിയ കുടിയേറ്റ കർഷകന് ആത്മാഭിമാനത്തിന്റെ കിരീടമാണ് പുതിയ ഉത്തരവ്. 1964 ലെയും, 1993 ലെയും ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ഇടതുപക്ഷ സർക്കാർ അക്കാര്യത്തിലും വാക്ക് പാലിക്കുമെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു.