കണ്ണൂർ: വേട്ടനായ്ക്കളേയും വന്യജീവികളുടെ ഇറച്ചിയും ഓൺലൈൻ വ്യാപാരം നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമാകുന്നു. മലപ്പുറം, തൃശ്ശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഹൈടെക് വ്യാപാരം കൊഴുക്കുന്നത്. മുന്തിയ ഇനം വിദേശ ഇനം നായ്ക്കളെയും മറ്റു ജീവികളെയും വേട്ടയാടാൻ പരിശീലിപ്പിച്ചാണ് നായാട്ട് നടത്തിയിരുന്നത്. വേട്ടനായ്ക്കൾ വന്യജീവികളെ കടിച്ചുകീറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഓൺലൈൻ വ്യാപാരം. മലപ്പുറം ജില്ലയിൽ കഴിഞ്ഞ ജൂണിൽ വേട്ട സംഘത്തെ പിടികൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലബാറിൽ ഇത്തരം സംഘം സജീവമാണെന്ന് കണ്ടെത്തിയത്.
അമേരിക്കൻ ബുൾഡോ മുതൽ ലാബ്രഡോർ വരെ........
അമേരിക്കൻ ബുൾഡോഗ്, ബുള്ളി, ഡോബർമാൻ, ലാബ്രഡോർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട നായ്ക്കളെ ഉപയോഗിച്ചായിരുന്നു വേട്ട. ഇത്തരം നായ്ക്കളെ ബ്രീഡ് ചെയ്ത് അവയുടെ കുഞ്ഞുങ്ങളെ വൻ തുകയ്ക്ക് ഓൺലൈനിലൂടെ വിൽക്കുകയും ചെയ്യും. വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പെടുക്കുന്ന ആദ്യ സൈബർ കേസായിരുന്നു ഇത്. വൈൽഡ് ലൈഫ് ഫോറൻസിക് ലാബറട്ടറിക്ക് പുറമേ കേരള പൊലീസ് അക്കാഡമിയിലെ ഫോറൻസിക് വിഭാഗത്തിന്റെ സേവനം കൂടി ആവശ്യപ്പെട്ട വന്യജീവി കുറ്റകൃത്യമാണ് എന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്.