water-flow

കാസർകോട്: കൊന്നക്കാട് അച്ഛൻകല്ലിലെ മൺസൂൺ കാല വെള്ളച്ചാട്ടം കാണാൻ കൊവിഡ് നിയന്ത്രങ്ങൾക്കിടയിൽ എത്തുന്നവർക്ക് പൊലീസിന്റെ പൂട്ട്. കഴിഞ്ഞ ദിവസം ദൂര സ്ഥലങ്ങളിൽ നിന്നും അച്ഛൻ കല്ലിൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരെ പൊലീസ് പിടി കൂടി പിഴയടപ്പിച്ചിരുന്നു. കൂടുതലും ഇരുചക്ര വാഹനങ്ങളിൽ ഊടു വഴികളിലൂടെയാണ് ഇവിടേക്ക് സന്ദർശകർ എത്തുന്നത്. ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാടിനടുത്ത അച്ഛൻകല്ല് വെള്ളച്ചാട്ടം മൺസൂൺ കാലത്ത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചയാണ്. കർണ്ണാടക വന മായ കോട്ടൻഞ്ചേരിയിൽ നിന്നും ഒഴുകി എത്തുന്ന അരുവി അച്ഛൻ കല്ലിൽ കണ്ണിനു കുളിരേകുന്ന ദൃശ്യ വിസ്മയം പകർത്താനും നീരാട്ടിനുമാണ് ആളുകൾ എത്തുന്നത്. മനം മയക്കുന്ന വെള്ളച്ചാട്ടം അടുത്ത കാലത്താണ് പുറംലോകത്ത് പ്രസിദ്ധമായത്. നിരവധി സഞ്ചാരികൾ ഈ വെള്ളച്ചാട്ടം കാണാൻ ഇവിടെ എത്തി തുടങ്ങിയതോടെ അച്ഛൻകല്ല് എന്ന ബളാൽ പഞ്ചായത്തിലെ ഒരു പ്രദേശം നാട്ടിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ മഴക്കാലത്തെ നേരംപോക്കിനുള്ള കേന്ദ്രമായി മാറുകയായിരുന്നു. മുൻ വർഷങ്ങളിൽ നൂറ് കണക്കിന് ആളുകളാണ് ഇവിടെ ദിനംപ്രതി എത്തി കൊണ്ടിരുന്നത്.

ഇത്തവണയും മൺസൂൺ കാലത്ത് സഞ്ചാരികളെ മാടി വിളിച്ച് അച്ഛൻകല്ല് വെള്ളച്ചാട്ടം യുവാക്കൾക്ക് ഹരം പകരാൻ തുടങ്ങിയതോടെയാണ്‌ കൊവിഡ് പശ്ചാത്തലം കാരണം പൊലിസ് നിയന്ത്രണം കടുപ്പിച്ചത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായ ബേക്കലം കോട്ട ഉൾപ്പെടെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാലാണ് അച്ഛൻകല്ല് വെള്ളച്ചാട്ടം കാണാനെത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയത്. ആളുകൾ കൂട്ടമായി എത്തുന്നത്‌ കൊവിഡ് ഭീഷണി സൃഷ്ടിക്കുമെന്നും കൂട്ടമായി ആരെങ്കിലും വെള്ളച്ചാട്ടം വീക്ഷിക്കാൻ അച്ഛൻകല്ലിൽ എത്തിയാൽ പൊലീസ് കർശന നടപടി എടുക്കുമെന്നും വെള്ളരി ക്കുണ്ട് സി.ഐ. മുന്നറിയിപ്പ് നൽകി.